'അര്‍ഹതയുള്ളവര്‍ വേറെ കാത്തിരിക്കുന്നുണ്ട്'; പോക്‌സോ കേസ് പ്രതിയുടെ അപേക്ഷ തള്ളി ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th August 2022 04:55 PM |
Last Updated: 05th August 2022 04:55 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടേതു പോലുള്ള ആളുകള്‍ക്കു വേണ്ടിയല്ല കോടതി അടിയന്തര വാദം കേള്‍ക്കല്‍ നടത്തുന്നതെന്ന് ഹൈക്കോടതി. അതിന് അര്‍ഹരായ ഒട്ടേറെപ്പേര്‍ വേറെയുണ്ടെന്ന് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് അഭിപ്രായപ്പെട്ടു.
എട്ടു വയസ്സുകാരിയെ രണ്ടു വട്ടം ലൈംഗികമായി ഉപദ്രവിച്ചതിന് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ അഭിഭാഷകന്‍ അടിയന്തര വാദംകേള്‍ക്കല്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കേസ് അവധിക്കു ശേഷം കേള്‍ക്കാമെന്ന് കോടതി അറിയിച്ചതിനു ശേഷവും അഭിഭാഷകന്‍ അടിയന്തര വാദം കേള്‍ക്കല്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. ഹര്‍ജിക്കാരനും പെണ്‍കുട്ടിയുണ്ടെന്ന് അഭിഭാഷന്‍ പറഞ്ഞപ്പോള്‍ രോഷത്തോടെയാണ് കോടതി പ്രതികരിച്ചത്.
''ഹര്‍ജിക്കാരനു പെണ്‍കുട്ടിയുണ്ട് എന്നുവച്ച് എന്താണ്? രണ്ടു വട്ടമാണ് നിങ്ങള്‍ ഈ കേസിലെ കുട്ടിയെ ഉപദ്രവിച്ചത്. അവള്‍ പ്രതിരോധിച്ചപ്പോള്‍ വായില്‍ തുണി തിരുകയാണ് നിങ്ങള്‍ ചെയ്തത്. ആ കുട്ടിയുടെ മൊഴി മാത്രം മതി. ഇനിയും നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ കേസ് ഇപ്പോള്‍ തന്നെ തള്ളും. നിങ്ങള്‍ സുപ്രീം കോടതിയില്‍ പൊയ്‌ക്കൊള്ളൂ. ഇനി കോടതി കേസ് പരിഗണിക്കുമ്പോള്‍ വാദിക്കുകയാണെങ്കില്‍ ഇതില്‍ ഉത്തരവു പറയാം. അതിനു ശ്രമിക്കൂ'' - കോടതി പറഞ്ഞു.
ഇതുപോലെയുള്ള ആളുകള്‍ക്കു വേണ്ടിയല്ല കോടതിയിലെ അടിയന്തര വാദം. അര്‍ഹരായവര്‍ വേറെ കാത്തിരിക്കുന്നുണ്ട്. എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചതിനു ശിക്ഷിക്കപ്പെട്ടവര്‍ക്കു വേണ്ടിയല്ല അത്- കോടതി വ്യക്തമാക്കി. ഹര്‍ജി രണ്ടു മാസത്തിനു ശേഷം കഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
നിക്കാഹിന് പള്ളിക്കുള്ളിൽ വധു എത്തിയത് അബദ്ധം; മലക്കം മറിഞ്ഞ് മഹല്ല് കമ്മിറ്റി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ