പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി ലോഡ്ജ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 24th August 2022 02:20 PM  |  

Last Updated: 24th August 2022 02:20 PM  |   A+A-   |  

cipsy

സിപ്‌സി/ ഫയല്‍ ചിത്രം


 

കൊച്ചി: ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് സ്വദേശി പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി(50)യാണ് മരിച്ചത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വെച്ചായിരുന്നു അന്ത്യം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്നും, മരണത്തില്‍ അസ്വാഭാവികതകളില്ലെന്നും എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് സിപ്‌സിയുടെ പേരക്കുട്ടിയായ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ടത്.

സിപ്‌സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് ആണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ ഇയാളെയും സിപ്‌സിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന സിപ്‌സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങി നിരവധി കേസുകളിലും സിപ്‌സി നേരത്തെ പ്രതിയായിരുന്നു. അങ്കമാലി പൊലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലും സിപ്‌സിയുടെ പേരുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ സംശയനിവാരണത്തിന് വിളിച്ചുവരുത്തി; സ്‌കൂളില്‍ വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗികാതിക്രമം; നിലവിളിച്ച് ഓടി പെണ്‍കുട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ