കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവ്; പ്രതിയാക്കിയതിന് പിന്നില്‍ ദുഷ്ടലാക്ക്: വെള്ളാപ്പള്ളി നടേശന്‍

ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ തനിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ല
വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ തനിക്കെതിരെ കേസെടുത്തത് ദുഷ്ടലാക്കോടെയെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ തനിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട പലതും മറച്ചുവെച്ച് കോടതിയെ തെറ്റിദ്ധരിച്ച് നേടിയ ഉത്തരവാണിത്. 

നേരത്തെ കേസ് അന്വേഷിച്ച ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ് റഫര്‍ ചെയ്ത കേസാണിത്. അന്ന് അട്ടല്ലൂരി അന്വേഷിച്ചാല്‍ സത്യം പുറത്തു വരുമെന്ന് പറഞ്ഞവരാണ് ഇന്ന് വാദികളായി രംഗത്തു വന്നിട്ടുള്ളത്. ആ കേസില്‍ താന്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തു. മഹേശന്റെ ആത്മഹത്യക്കുറിപ്പ് എന്നു പറയുന്ന 33 പേജുള്ള കത്ത് അടക്കം അന്വേഷിച്ചിരുന്നു. 

ഇതെല്ലാം അന്വേഷിച്ച് മഹേശന്‍ ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി തള്ളിയ കേസാണ്. അതെല്ലാം മറച്ചു വെച്ചുകൊണ്ടാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവുണ്ടാക്കി, അത് വാര്‍ത്തയാക്കിയത്. അതിന് പിന്നില്‍ വലിയ ഒരു അടവും ദുരുദ്ദേശവുമുണ്ട്. എസ്എന്‍ഡിപിയോഗത്തിന്റെ മുഖ്യഭാരവാഹികളായി വരുന്നവര്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകരുതെന്ന ഒരു ആവശ്യം, എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിയിലുണ്ട്. 

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടമാണ്. താനും മകനും എസ്എന്‍ഡിപി നേതൃത്വത്തിലേക്ക് വരാതിരിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. താനും തുഷാറോ വരാതിരിക്കാന്‍ വേണ്ടിയുള്ള ലക്ഷ്യമാണിതിന് പിന്നില്‍. മഹേശനെ വളര്‍ത്തിക്കൊണ്ടു വന്നത് താനാണ്. മഹേശന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആദ്യം തന്നെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

മഹേശന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത്?. തന്നില്‍ നിന്നും എന്തു പീഡനമുണ്ടായി. പൊലീസിന് പിടികൊടുക്കാന്‍ തയ്യാറല്ല, അതുകൊണ്ട് വിട പറയുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഒട്ടേറെ സാമ്പത്തിക തിരിമറികള്‍ നടത്തിയ ആളാണ് മഹേശന്‍. ഇദ്ദേഹം കാണിച്ച ക്രമക്കേടുകള്‍ കണ്ടെത്തിയപ്പോള്‍ നിലനില്‍പ്പില്ലാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി

കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികള്‍ കെ കെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com