താലി കെട്ടിന് പിന്നാലെ ചെണ്ടയിൽ കൊട്ടിക്കയറി വധു! വിവാഹ വേഷത്തിൽ ശിങ്കാരി മേളം; ഒപ്പം ചേർന്ന് വരനും അച്ഛനും (വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2022 09:35 PM  |  

Last Updated: 26th December 2022 09:35 PM  |   A+A-   |  

chenda melam

വീഡിയോ ദൃശ്യം

 

തൃശൂർ: പതിവു രീതികളിൽ നിന്നു വിത്യസ്തമായി ഒരു വിവാഹം. താലി കെട്ടിന് ശേഷം വധു ചെണ്ടയുമായി വേദിയിലെത്തി. ഇതുകണ്ട് സ​ദസ് ആദ്യം ഒന്നു അമ്പരന്നു. വധു വേദിയിലെത്തിയതിന് പിന്നാലെ പൊന്നൻസ് ശിങ്കാരി മേളത്തിലെ കലാകാരൻമാരും എത്തി. ഇവർക്കൊപ്പം വധു ശിങ്കാരി മേളം കൊട്ടി തുടങ്ങി. കൊട്ട് തുടങ്ങിയതോടെ വധുവിന്റെ അച്ഛനും വ​രനും ഒപ്പം കൂടി. അതോടെ സം​ഗതി കളറായി. ആദ്യം അമ്പരന്നു നിന്ന അതിഥികളും പിന്നീട് ഹാപ്പി. അവരും സന്തോഷ നൃത്തം തുടങ്ങി. 

ഗുരുവായൂർ ക്ഷേത്രത്തിൽ താലി കെട്ടിനു ശേഷം രാജവത്സത്തിൽ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് വധു കല്യാണ വേഷത്തിൽ ഇഷ്ട വാദ്യമായ ചെണ്ടയിൽ കൊട്ടിക്കയറിയത്. കണ്ടാണശേരി ചൊവ്വല്ലൂർ സ്വദേശി പാലിയത്ത് ശ്രീകുമാറിൻ്റെയും, രശ്മിയുടെയും മകൾ ശിൽപയാണ് കല്യാണം ശിങ്കാരി മേളം കൊട്ടി ആഘോഷിച്ചത്. 

കഴിഞ്ഞ എട്ട് വർഷമായി ദല എന്ന സംഘടനയിലുടെ ഷൈജു കണ്ണൂർ, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴിൽ പാണ്ടി മേളത്തിലും, പഞ്ചാരി മേളത്തിലും, ഒപ്പം ശിങ്കാരി മേളത്തിലും പ്രാവീണ്യം നേടിയ കലാകാരി കൂടിയാണ് ശിൽപ. യുഎഇയിലെ വിവിധ വേദികളിലും, ആഘോഷങ്ങളിലും ചെണ്ടയിൽ വിസ്മയം തീർക്കാനും ശിൽപയ്ക്ക് സാധിച്ചിട്ടുണ്ട്. 

കഴിഞ്ഞ 35 വർഷമായി ശ്രീകുമാറും കുടുംബവും യുഎഇയിലാണ്. അബുദാബി പോർട്ടിന് കീഴിൽ ഗ്ലോബൽ ഷിപ്പിങ് എന്ന സ്ഥാപനത്തിലാണ് ശ്രീകുമാർ ജോലി ചെയ്യുന്നത്. മകൾ ശിൽപ മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം പൂർത്തിയാക്കി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫസിലിറ്റി മാനേജ്മെൻ്റ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. വരൻ കണ്ണൂർ സ്വദേശി  ദേവാനന്ദ് എൻജിനീയറായി യുഎഇയിൽ ജോലി ചെയ്യുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പോക്സോ കേസ് ഇരയടക്കം ചാടിപ്പോയി; കോട്ടയത്തെ നിർഭയ കേന്ദ്രം അടച്ചുപൂട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ