'നാലു വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു'; ഭാര്യാ സഹോദരന് എതിരെ വ്യാജ പോക്‌സോ പരാതി, അച്ഛന് എതിരെ കേസെടുക്കാന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 05th February 2022 04:48 PM  |  

Last Updated: 05th February 2022 04:48 PM  |   A+A-   |  

pocso case

പ്രതീകാത്മക ചിത്രം


മലപ്പുറം: മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാല് വയസുകാരിയായ മകളെക്കൊണ്ട് വ്യാജ പോക്‌സോ പരാതി നല്‍കിയ പിതാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദ്ദേശം നല്‍കി. മലപ്പുറം വഴിക്കടവിലാണ് ഭാര്യ സഹോദരനെ പോക്‌സോ കേസില്‍ കുടുക്കാന്‍ അച്ഛന്‍ മകളെക്കൊണ്ട് വ്യാജ പരാതി നല്‍കിയത്. 

ഭാര്യയുടെ വീട്ടില്‍ വച്ച് ഭാര്യാ സഹോദരന്‍ നാലുവയസുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വഴിക്കടവ് സ്വദേശിയായ യുവാവ് കഴിഞ്ഞ മാസമാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ ജനുവരി 24 ന് സിഡബ്ല്യുസിക്ക് മുമ്പാകെ ഹാജരാക്കിയപ്പോള്‍ അച്ഛന്‍ പറഞ്ഞത് പ്രകാരമാണ് അമ്മാവനെതിരെ മൊഴി നല്‍കിയതെന്ന് കുട്ടി പറഞ്ഞു. 

പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിലും കുട്ടി ഈ മൊഴി ആവര്‍ത്തിച്ചു. അച്ഛന്‍ മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്ന് പറഞ്ഞതു  കൊണ്ടാണ് കളവായി മൊഴി നല്‍കിയെതെന്നും കുട്ടി പറഞ്ഞു. പൊലീസ് അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് ഭാര്യ സഹോദരനെ കേസില്‍ കുടുക്കാന്‍ യുവാവ് ശ്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വ്യാജ പരാതി നല്‍കിയതില്‍ അന്വേഷണം നടക്കുകയാണെന്നും യുവാവിനെതിരെ വൈകാതെ കേസെടുക്കുമെന്നും വഴിക്കടവ് പൊലീസ് അറിയിച്ചു.