പാളിച്ച മറയ്ക്കാന്‍ തുടരന്വേഷണം, വിചാരണ നീട്ടിക്കൊണ്ടുപോവുന്നു; ദിലീപ് ഹൈക്കോടതിയില്‍, സര്‍ക്കാര്‍ നിലപാടറിയിക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2022 03:02 PM  |  

Last Updated: 07th February 2022 03:02 PM  |   A+A-   |  

kerala hc seeks govt response in dileep`s plea

ദിലീപ്/ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു.

കോടതിയുടെ അനുമതി ലഭിക്കും മുമ്പു തന്നെ തുടരന്വേഷണം തുടങ്ങിയെന്ന് ദിലീപ് പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി പോലും ഇല്ലാതെയാണ് തുടരന്വേഷണം തുടങ്ങിയത്. അന്വേഷണത്തിലെ പാളിച്ചകള്‍ മറയ്ക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോവുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും ദിലീപ് ആരോപിച്ചു. 

കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടാളികള്‍ക്കുമെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പ്രതികള്‍ ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ലെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

ഗൂഢാലോചന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ല. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ടു കോടതിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാതെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു പാതിവെന്ത വസ്തുതകള്‍ വച്ച് കോടതി നടപടികളെ ചോദ്യം ചെയ്യരുത് ഉത്തരവില്‍ കോടതി പറഞ്ഞു.

അഞ്ചു വ്യവസ്ഥകളിലാണ് ദിലീപിനും കൂട്ടാളികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വിധിയില്‍ വ്യക്തമാക്കി.

പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവച്ച വ്യവസ്ഥകള്‍. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അറസ്റ്റിനായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു.

ദിലീപിനും കൂട്ടാളികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷന്‍. അന്വേഷണവുമായി മുന്നോട്ടുപോവാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട് എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.