അച്ഛന്റേയും അമ്മയുടേയും തലയ്ക്ക് വെട്ടി, തനിക്കു വെട്ടേറ്റുവെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ച് മകൻ; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 07th February 2022 09:05 AM  |  

Last Updated: 07th February 2022 09:05 AM  |   A+A-   |  

son_stabbed_father_and_mother

അറസ്റ്റിലായ കുമാർ

 

കൊല്ലം;  അച്ഛനെയും അമ്മയെയും ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ചവറ ഭരണിക്കാവ് നെടുംപുറത്ത് കൈരളി കരുണാകരൻ പിള്ള (72), ഭാര്യ ശാന്തകുമാരി (70) എന്നിവർക്കാണ് പരുക്കേറ്റത്. മകൻ കുമാർ എന്ന് വിളിക്കുന്ന ഗോപാലകൃഷ്ണപിള്ളയെ (39) അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.45 നായിരുന്നു സംഭവം.  

തർക്കം പതിവ്

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കുമാറും കുടുംബവും താമസിക്കുന്നത്. വീടും സ്ഥലവും എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി കുമാർ സ്ഥിരമായി വഴക്കിടാറുണ്ട്. ഇന്നലെയുണ്ടായ വഴക്കിനിടെ ഇയാൾ അച്ഛന്റേയും അമ്മയുടേയും തലയ്ക്ക് വെട്ടുകയായിരുന്നു. ഇരുവരും ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. 

പൊലീസ് സ്റ്റേഷനിലെത്തി പരാതി

സംഭവത്തിനു ശേഷം തനിക്ക് വെട്ടേറ്റുവെന്ന് പറഞ്ഞുകൊണ്ട് കുമാർ ചവറ പൊലീസ് സ്റ്റേഷനിൽ എത്തി. നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കൾക്കളെ കുമാറാണ് വെട്ടിയത് എന്ന് മനസിലാക്കുന്നത്. തുടർന്ന് പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ. എസ്ഐ എസ്.സുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.  വധശ്രമത്തിനു കേസെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും.