സിപിഎം സംസ്ഥാന സമ്മേളനം മാറ്റില്ല
By സമകാലിക മലയാളം ഡെസ്ക് | Published: 10th February 2022 07:29 PM |
Last Updated: 10th February 2022 07:29 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമുണ്ടാകില്ല. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം സിപിഎം നേതൃത്വം ആലോചിച്ചിരുന്നത്. എന്നാല്‍ പ്രതിദിന കേസുകളില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ മാറ്റിവെക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ പൊതുവായ ധാരണ.
ആലപ്പുഴ ജില്ലാ സമ്മേളനം മാത്രമാണ് ഇനി നടക്കാനുള്ളത്. ഈ മാസം 15,16 തീയ്യതികളില്‍ കണിച്ചുകുളങ്ങരയില്‍ വച്ചാണ് ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 17 മുതല്‍ സിപിഎം നേതൃയോഗങ്ങള്‍ ചേരും.