വനത്തിൽ അതിക്രമിച്ച് കയറി; ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനം വകുപ്പ് 

വനത്തിൽ അതിക്രമിച്ച് കയറി; ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനം വകുപ്പ് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: മലമ്പുഴ ചെറാട് മല കയറി അവിടെ കുടുങ്ങിപ്പോയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. ബാബുവിനൊപ്പം മല കയറി മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നേരത്തെ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫോറസ്റ്റ് ആക്ട് (27) പ്രകാരം ബാബുവിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസം പ്രദേശത്തുകാരനായ രാധാകൃഷ്ണൻ എന്നൊരാൾ ചെറാട് മല കയറിയിരുന്നു. പിന്നാലെ വനം വകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ രാത്രിയോടെ കണ്ടെത്തി. സമാന രീതിയിൽ മറ്റു ചിലരും മല കയറാൻ ശ്രമം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. 

ബാബു വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയിട്ടും ഇയാൾക്കെതിരെ കേസെടുത്തില്ലെന്ന് വ്യക്തമാക്കി മറ്റുള്ളവർ ഭാവിയിൽ രം​ഗത്തെത്തുന്നത് തടയുക എന്നതാണ് കേസെടുത്തതിന് പിന്നിലെ കാരണമായി പറയുന്നത്. ഇക്കാര്യം നിയമ പ്രശ്നമായി വരാൻ സാധ്യതയുണ്ടെന്ന വിലയിരത്തലും കേസെടുത്തതിന് പിന്നിലുണ്ട്. 

ബാബുവിന്റെ അമ്മയ്ക്കടക്കം കേസെടുക്കുന്നതിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. തുടർ നടപടികൾ ലഘൂകരിക്കും എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. വനത്തിൽ അതിക്രമിച്ച് കയറിയാൽ കേസെടുക്കും എന്ന കീഴ്വഴക്കം ബാബുവിന്റെ കാര്യത്തിലും പാലിച്ചു എന്ന സന്ദേശം നൽകാനുമാണ് വനം വകുപ്പ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. 

കെസെടുക്കുന്നത് സംബന്ധിച്ച് വാളയാർ റെയ്ഞ്ച് ഓഫീസർ ബാബുവിന്റെ വീട്ടിലെത്തി ബാബുവിനോടും കുടുംബാം​ഗങ്ങളോടും സംസാരിച്ച് കാര്യങ്ങൾ അവരെ ധരിപ്പിച്ച ശേഷമാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് വനം വകുപ്പ് പോയത്. കേസെടുക്കില്ലെന്ന് വനം മന്ത്രി പറഞ്ഞിരുന്നെങ്കിലും ചെറാട് മല കയറാൻ കൂടുതൽ പേർ എത്തുന്നത് ആശാസ്യമായ കാര്യമല്ലെന്ന് കണ്ടാണ് ഇത്തരമൊരു നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com