സ്വപ്‌നയുടെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തത് എംഎം മണി, ലോഗോ പ്രകാശനം മുഖ്യമന്ത്രി; ബിജെപിക്കു ബന്ധമില്ലെന്ന് സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 03:33 PM  |  

Last Updated: 19th February 2022 03:33 PM  |   A+A-   |  

k surendran

കെ സുരേന്ദ്രന്‍/ഫയല്‍ ചിത്രം

 

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിക്കു ചേര്‍ന്ന സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന ജോലിക്കു ചേര്‍ന്ന തൊടുപുഴയിലെ ഓഫിസ് ഉദ്ഘാടനം ചെയ്തത് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണിയാണ്. സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകനാണ് സ്വപ്‌നയുടെ പുതിയ സ്ഥാപനം നടത്തുന്നത്. എസ്എഫ്‌ഐയുടെ മുന്‍നേതാവാണ് സ്വപ്ന സുരേഷിന് ജോലി ശരിയാക്കി നല്‍കിയത്. ഓഫിസ് ഉദ്ഘാടനത്തിന്റെയും ലോഗോ പ്രകാശനത്തിന്റെയും ചിത്രങ്ങളും ഫെയ്ബുക് പേജിലൂടെ സുരേന്ദ്രന്‍ പുറത്തു വിട്ടു. 

ബോംബ് ഉണ്ടാക്കല്‍ സിപിഎമ്മിന്റെ പണി

ബോംബുണ്ടാക്കല്‍ സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ സംവരണം ചെയ്യപ്പെട്ടിട്ടുള്ള പണിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപിക്കാര്‍ക്ക് ആ പണിയില്ല. ട്വന്റി20 പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് കൊന്നത് സിപിഎമ്മാണ്. പിണറായിക്ക് ആഭ്യന്തര വകുപ്പില്‍ താല്‍പര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.