കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍; നിമിഷപ്രിയയുടെ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 03:19 PM  |  

Last Updated: 21st February 2022 03:19 PM  |   A+A-   |  

nimisha_priya

nimisha_priya


യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ (33)യുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ഒരാഴ്ച നീട്ടിവച്ചു. കേസ് വരുന്ന 28നു വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കവെ, കോടതിക്ക് മുന്നില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് ആളുകള്‍ കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി തടിച്ചു കൂടി. നിമിഷയുടെ വധശിക്ഷ ശരിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.

വിഷമകരമായ സാഹചര്യമാണ് യെമനില്‍ നേരിടുന്നതെന്ന് നിമിഷയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ സാമുവല്‍ അറിയിച്ചു. പ്രതിഷേധം ശക്തമാണെന്ന് സനയിലെ ഇന്ത്യന്‍ അംബാസിഡറും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണു നിമിഷയുടെ അഭിഭാഷകന്‍ വാദിച്ചത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയ കേസില്‍ അറസ്റ്റിലായി. കീഴ്‌ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്. 

തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവയ്ക്കുകയായിരുന്നു.