കൃത്യം ആസൂത്രിതം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതില്‍ ആശുപത്രിക്ക് സുരക്ഷാ വീഴ്ചയില്ല; റിപ്പോര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 02:42 PM  |  

Last Updated: 08th January 2022 02:42 PM  |   A+A-   |  

child missing case kottayam

വീഡിയോ ദൃശ്യം

 

കോട്ടയം: നവജാതശിശുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ആസൂത്രിതമായാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിക്കുള്ളില്‍നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നുമാണ് നിഗമനം. 

സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതിയാണ് അന്വേഷിച്ചത്. ഇവര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ചയില്ലെന്ന കണ്ടെത്തല്‍. സമിതി മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു സുരക്ഷാ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജാഗ്രത കുറവുണ്ടായി എന്ന് വിലയിരുത്തിയാണ് സസ്പെന്‍ഷന്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഡോക്ടറുടെ വേഷത്തില്‍ എത്തിയ നീതു എന്ന യുവതി കുഞ്ഞിനെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. പൊലീസിന്റെ ഊര്‍ജിതമായ തെരച്ചിലിന് ഒടുവില്‍ കുഞ്ഞിനെ ഹോട്ടലില്‍ നിന്ന് കണ്ടെത്തി. 

കൊച്ചിയിലേക്ക് പോകാനായി നീതു ടാക്സി വിളിച്ചിരുന്നു. നീതു വിളിച്ച ടാക്സിയിലെ ഡ്രൈവറാണ് സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചത്. കാമുകനെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. പൊലീസ് പിടിയിലായ നീതുവിനെ റിമാന്‍ഡ് ചെയ്തു.