തിരുവാഭരണ ഘോഷയാത്ര ഇന്ന്, പന്തളത്ത് പ്രാദേശിക അവധി; വെള്ളിയാഴ്ച മകരവിളക്ക്

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ശിരസിലേറ്റി കാൽനടയായാണ്  ശബരിമലയിൽ എത്തിക്കുക
ഫയൽ ചിത്രം
ഫയൽ ചിത്രം

പത്തനംതിട്ട: ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ശിരസിലേറ്റി കാൽനടയായാണ്  ശബരിമലയിൽ എത്തിക്കുക. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള തന്നെയാണ് ഇത്തവണയും തിരുവാഭരണം തലയിലേറ്റുക. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്നത് കണക്കിലെടുത്ത് പന്തളം നഗരസഭയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവാഭരണ ഘോഷയാത്ര ഇങ്ങനെ

രാജ പ്രതിനിധി മൂലം നാൾ ശങ്കർവർമ്മയുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ  പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആഭരണങ്ങൾ എഴുന്നള്ളിക്കും. 12 മണിയോടെ ആചാരപ്രകാരമുള്ള ചടങ്ങുകൾ ആരംഭിക്കും. ഒരു മണിക്ക് തിരുവാഭരണപെട്ടി പുറത്തേക്ക് എടുത്ത് ഗുരുസ്വാമി ശിരസിലേറ്റും. പരമ്പരാഗത പാതയിലൂടെ കുളനട ഉള്ളന്നൂർ ആറന്മുള അയിരൂർ പുതിയകാവ് പെരുനാട് ളാഹ വഴി സഞ്ചരിച്ച് വെള്ളിയാഴ്ച കാനനപാതയിലൂടെ വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകീട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും.

വെള്ളിയാഴ്ച പത്തനംതിട്ടയിൽ അവധി

വെള്ളിയാഴ്ചയാണ് മകരവിളക്ക്. അയ്യപ്പനെ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. കഴിഞ്ഞകൊല്ലം ഭക്തർക്ക് തിരവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ അവസരം ഉണ്ടായിരുന്നില്ല. ഇത്തവണയും കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി.  മകരവിളക്ക് പ്രമാണിച്ച് വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com