മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാറി നല്‍കി; സംഘര്‍ഷാവസ്ഥ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2022 07:28 PM  |  

Last Updated: 27th January 2022 07:28 PM  |   A+A-   |  

thrissur death

പ്രതീകാത്മക ചിത്രം

 

തൃശ്ശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ മാറി നല്‍കി. കോവിഡ് ചികിത്സയിലിരിക്കേ മരിച്ചവരുടെ മൃതദേഹങ്ങളാണ് പരസ്പരം മാറി നല്‍കിയത്. ചേറ്റുവ സ്വദേശി സഹദേവന്റേയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്റേയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്. 

സഹദേവനാണെന്ന് കരുതി സെബാസ്റ്റ്യന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ മൃതദേഹം ദഹിപ്പിച്ചു.  മൃതദേഹം മാറി നല്‍കിയെന്ന് വ്യക്തമായതോടെ സഹദേവന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സെബാസ്റ്റ്യന്റെ മൃതദേഹം ദഹിപ്പിച്ചതിനാല്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് നല്‍കും. സംഭവത്തില്‍ വീഴ്ച്ച വരുത്തിയ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. 

സെബാസ്റ്റ്യന് 58 വയസ്സും സഹദേവന് 89 വയസ്സുമാണ് പ്രായം. ഇന്ന് രാവിലെയാണ് സെബാസ്റ്റ്യനും സഹദേവനും മരിച്ചത്. ഉച്ചയോടെ സെബാസ്റ്റ്യന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ മാത്രമാണ് മൃതദേഹങ്ങള്‍ മാറിപ്പോയി എന്ന വിവരം അറിയുന്നത്. ഇതോടെ ആശുപത്രി സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും സഹദേവന്റെ വീട്ടിലേക്ക് എത്തിയെങ്കിലും അതിനോടകം ചിതയ്ക്ക് തീ കൊളുത്തി പോയിരുന്നു. 

മൃതദേഹങ്ങള്‍ മാറിപ്പോയെന്ന് അറിഞ്ഞതോടെ സ്ഥലത്ത് വലിയ വാക്കേറ്റവും സംഘര്‍ഷാവസ്ഥയുമായി. അവസാനം ചിതാഭസ്മം എങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ നിലപാട് എടുത്തു. ഇതു സഹദേവന്റെ വീട്ടുകാര്‍ അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവന്റെ വീട്ടിലെത്തി സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ സഹദേവന്റെ മൃതദേഹം ചേറ്റുവയിലേക്ക് കൊണ്ടു പോയി.