​ഗുരുവായൂരിൽ പ്രസാദ ഊട്ടിന് ഭക്ഷണം തയ്യാറാക്കാൻ ബ്രാഹ്മണർ; ദേവസ്വം മന്ത്രി ഇടപെട്ടു, പരസ്യം റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2022 07:38 AM  |  

Last Updated: 29th January 2022 07:38 AM  |   A+A-   |  

Guruvayur_temple

ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ

 

തൃശൂർ: ​ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ ബ്രാഹ്മണര്‍ വേണമെന്ന ദേവസ്വം ബോര്‍ഡിന്റെ വിവാദ ഉത്തരവ് റദ്ദാക്കി.   ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ പകർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം വിവാദമായതിന് പിന്നാലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ പ്രസാസ ഊട്ടിന് ഭക്ഷണം തയാറാക്കാന്‍ കരാര്‍ നല്‍കാറുണ്ട്.  ഭക്ഷണം തയാറാക്കുന്നവര്‍ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം നല്‍കിയ ക്വട്ടേഷനിലെ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. 

 കോവിഡ് നിയന്ത്രണമുള്ളതിനാല്‍ നിലവില്‍ പ്രസാദ ഊട്ട് വിപുലമായി ഉണ്ടാകില്ല. അതുക്കൊണ്ടുതന്നെ പാചകക്കാരെ ക്ഷണിക്കേണ്ടതില്ലെന്ന് ദേവസ്വം കമ്മിറ്റിയും തീരുമാനിച്ചു. ദേശപ്പകർച്ചക്ക് പകരം പകർച്ച കിറ്റുകളായി നൽകാനും ദേവസ്വം കമ്മിറ്റി യോഗം ചേർന്ന് തീരുമാനിച്ചു. 480 രൂപ നിരക്കിൽ കിറ്റുകൾക്ക് ഓർഡർ നൽകും.