മരിച്ച ഗർഭസ്ഥശിശുവിനെ യുവതി വയറ്റിൽ ചുമന്നത് രണ്ട് മാസം, മരിച്ചു; ഭർത്താവ് അറസ്റ്റിൽ 

സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം
ജ്യോതിഷ്
ജ്യോതിഷ്

പത്തനംതിട്ട: മരിച്ച ഗർഭസ്ഥശിശുവുമായി ചികിത്സ കിട്ടാതെ അമ്മ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താർ ജ്യോതി നിവാസിൽ ജ്യോതിഷ് (31) ആണ് അറസ്റ്റിലായത്. കുഴിക്കാല കുറുന്താർ ഹൗസ് സെറ്റ് കോളനിയിൽ അനിത(29) ആണ് മരിച്ചത്. സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം.

മൂന്നുവർഷം മുമ്പാണ് ജ്യോതിഷും അനിതയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനുശേഷം ഇരുവരും അനിതയുടെ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. ജോലിക്കൊന്നും പോകാതെ അനിതയുടെ സ്വർണാഭരണങ്ങളും വാഹനവും മറ്റും വിറ്റായിരുന്നു ജീവിതം. ഇതിനിടയിൽ കുട്ടിയുണ്ടായെങ്കിലും ജ്യോതിഷ് ഇവർക്ക് ചിലവിനുനൽകിയിരുന്നില്ല. ആദ്യപ്രസവത്തിനുശേഷം പെട്ടെന്നുതന്നെ വീണ്ടും ഗർഭിണിയായതോടെ വിവരം മറച്ചുവെയ്ക്കണമെന്ന് ഇയാൾ അനിതയോട് ആവശ്യപ്പെട്ടു. ഗർഭം ഒഴിവാക്കുന്നതിനും ശ്രമിച്ചു. ഇതിനിടെ മതിയായ ചികിത്സയും പരിചരണവും കിട്ടാതെ ഗർഭസ്ഥശിശു മരിച്ചു. ഇത് കണ്ടെത്തിയ ഡോക്ടർ മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് കൂടുതൽ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, അവിടേക്ക് ഇയാൾ അനിതയെ കൊണ്ടുപോയില്ല. കുഞ്ഞ് രണ്ടുമാസത്തോളം വയറ്റിൽകിടന്നു.

അണുബാധ കാരണം അനിത മേയ് 19 മുതൽ തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലായി. ജൂൺ 28-ന് മരിച്ചു. 
ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് മുങ്ങിയ ജ്യോതിഷ് ഭാര്യയുടെ ചികിൽസയ്ക്കായി പലരുടെ പക്കൽനിന്നും പണംവാങ്ങിയിട്ട് സ്വന്തം കാര്യങ്ങൾക്ക് ചെലവിട്ടു. സ്ത്രീധനപീഡന നിരോധനനിയമം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവപ്രകാരമാണ് ഇയാൾക്കതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com