പിസി ജോര്‍ജിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടു; കെമാല്‍ പാഷയ്ക്ക് എതിരെ പരാതിക്കാരി, ഡിജിപിക്ക് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 09:39 PM  |  

Last Updated: 05th July 2022 09:39 PM  |   A+A-   |  

kemal pasha

കെമാല്‍ പാഷ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്ക്ക് എതിരെ പരാതിയുമായി പിസി ജോര്‍ജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി. പിസി ജോര്‍ജിനു ജാമ്യം ലഭിക്കാന്‍ കെമാല്‍ പാഷ ഇടപെട്ടെന്നും, ജാമ്യം അനുവദിച്ച മജിസ്‌ട്രേറ്റുമായി കെമാല്‍ പാഷയ്ക്ക് അടുത്ത ബന്ധം ഉണ്ടെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

പിസി ജോര്‍ജിനു ജാമ്യം ലഭിച്ച ദിവസവും പിറ്റേന്നും കെമാല്‍ പാഷ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംശയകരമാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി. കേസില്‍ ജാമ്യാപേക്ഷ പരിഗണിച്ചതു മുതലുള്ള കെമാല്‍ പാഷയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതിന് പിസി ജോര്‍ജിന് എതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സോളാര്‍ കേസ് പ്രതിയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകയോട് പിസി ജോര്‍ജ് അപമര്യാദയായി പെരുമാറിയത്.

പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് 'എന്നാല്‍ നിങ്ങളുടെ പേര് പറയാം' എന്ന് പറഞ്ഞ് ജോര്‍ജ് അപമാനിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ, മാധ്യമപ്രവര്‍ത്തകയോട് ക്ഷമാപണം നടത്തിയിരുന്നു.
 

ഈ വാർത്ത കൂടി വായിക്കാം പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല'; സജി ചെറിയാനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ