തുടരെ രണ്ടു മരണം; തങ്കം ആശുപത്രിക്ക് എതിരെ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം പ്രയോഗിക്കുന്നത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പാലക്കാട്: രോഗികള്‍ തുടര്‍ച്ചയായി മരിച്ച സംഭവത്തില്‍ പാലക്കാട് തങ്കം ആശുപത്രിക്ക് എതിരെ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം പ്രയോഗിക്കുന്നത്.

കലക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിങ് അതോറിറ്റിയോടാണ് സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചികിത്സാപ്പിഴവുമൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് മരണമാണ് ആശുപത്രിയില്‍ നടന്നത്. 

ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയില്‍ എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയാണ് (25) തിങ്കളാഴ്ച മരിച്ചത്. ഐശ്വര്യയുടെ കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു. ചികിത്സാപ്പിഴവുകൊണ്ടാണിതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിതു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയില്‍ വെച്ച് ചികിത്സക്കിടെ മറ്റൊരു യുവതി കൂടി മരിച്ചു. കോങ്ങാട് ചെറായ കാക്കറത്ത് ഹരിദാസിന്റെ മകള്‍ കാര്‍ത്തികയാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച കാര്‍ത്തികയുടെ കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനിടെ കാര്‍ത്തിക മരിക്കുകയാണുണ്ടായത്. അനസ്തേഷ്യ നല്‍കിയതിലെ അപാകതയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com