ഉദ്ഘാടനം നാളെ; കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് ബസുകള്‍ തടയുമെന്ന് സിഐടിയു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 03:51 PM  |  

Last Updated: 31st July 2022 03:56 PM  |   A+A-   |  

ksrtc service

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: യൂണിയനുകളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്ന കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് ബസുകള്‍ തടയുമെന്ന് സിഐടിയു അറിയിച്ചു. സിഎംഡി വിളിച്ച ചര്‍ച്ച പ്രഹസനമാണ്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്‌കാരം നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. ഉദ്ഘാടനത്തിനെതിരെ പ്രതിഷേധിക്കുമെന്നും സിഐടിയു വ്യക്തമാക്കി.

നാളെ തിരുവനന്തപുരത്താണ് സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടനം. ഇലക്ട്രിക് ബസുകള്‍ സ്വിഫ്റ്റിന് കൈമാറിയതാണ് പ്രതിഷേധത്തിന് കാരണം. ഈ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും സിഐടിയു അറിയിച്ചു. ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും നിലപാടെടുത്തിട്ടുണ്ട്. 

അതേസമയം ജൂണിലെ മുടങ്ങിയ ശമ്പളം അടുത്തമാസം അഞ്ചിന് മുന്‍പും ജൂലൈയിലെ ശമ്പളം  10ന് മുന്‍പും നല്‍കുമെന്ന് സിഎംഡി ഉറപ്പുനല്‍കി. നിലവില്‍ 9000 ജീവനക്കാര്‍ക്ക് 60ദിവസമായി ശമ്പളം ലഭിച്ചിട്ടില്ല. ജൂണ്‍ മാസത്തെ ശമ്പളമാണ് ജീവനക്കാര്‍ കാത്തിരിക്കുന്നത്. ശമ്പളം നല്‍കാന്‍ 32 കോടി രൂപ ഇനിയും വേണം . 

കെഎസ്ആര്‍ടിസി തുടങ്ങിയ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഷെഡ്യൂളുകളാണ് സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകള്‍ക്ക് കൈമാറുന്നത്. പേരൂര്‍ക്കട ഡിപ്പോയിലെ പതിനൊന്നും സിറ്റി ഡിപ്പോയിലെ പത്തും ഷെഡ്യൂളുകളാണ് ആദ്യ ഘട്ടത്തില്‍ സ്വിഫ്റ്റിനെ ഏല്‍പ്പിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം ഇന്നലെയും ഇന്നുമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തൊഴിലാളി യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചത്. സിറ്റിയിലെ ഹ്രസ്വദൂര സര്‍വീസുകള്‍ സ്വിഫ്റ്റിന് കൈമാറുന്നത് അനുവദിക്കാനാകില്ലെന്നാണ് സമരക്കാരുടെ നിലപാട്.

ഈ വാർത്ത കൂടി വായിക്കൂ

അറബിക്കടലില്‍ ഒരുമീറ്റര്‍ ഉയരത്തില്‍ തിരമാല; 5ദിവസം മത്സ്യബന്ധനത്തിന് പോകരുത്; മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ