വിവേകത്തോടെ വോട്ട് ചെയ്യാന്‍ ജനങ്ങളോട് പറഞ്ഞു; അവര്‍ അത് കൃത്യമായി വിനിയോഗിച്ചെന്ന് സാബു ജേക്കബ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 03:43 PM  |  

Last Updated: 03rd June 2022 03:43 PM  |   A+A-   |  

sabu-jacob

സാബു എം ജേക്കബ്

 

കൊച്ചി:  തുടര്‍ഭരണം ലഭിച്ച പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണത്തോടുള്ള അമര്‍ഷമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ട്വന്റി ട്വന്റി കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ജനങ്ങള്‍ക്ക് സ്വീകാര്യമായ വികസനവും പ്രവര്‍ത്തനവുമാണ് നടത്തേണ്ടത്. കുറെ സഖാക്കള്‍ തീരുമാനം എടുത്തുള്ള പദ്ധതിയില്‍ ജനങ്ങള്‍ എന്തും ആയിക്കോട്ടെ എന്നു ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണ് നടന്നിരിക്കുന്നത്. അഹങ്കാരം കൊണ്ട് എന്തും ആകാമെന്നു തീരുമാനിച്ചാല്‍ അതിനു തിരിച്ചടിയുണ്ടാകും. ജനങ്ങള്‍ പ്രതികരിക്കും എന്നു മനസിലാക്കി മുന്നോട്ടു പോയാല്‍ ജനങ്ങള്‍ തിരിച്ചു ചിന്തിക്കും. അല്ലെങ്കില്‍ ഇതു പോലെയുള്ള അവസ്ഥ ഇനിയുമുണ്ടാകുമെന്ന് സാബു പറഞ്ഞു. 

വിവേകത്തോടെ വോട്ടു ചെയ്യാനാണ് ട്വന്റി ട്വന്റി ജനങ്ങളോട് അഭ്യര്‍ഥിച്ചത്. അതു കൃത്യമായി ഉപയോഗിച്ചു എന്നതാണ് ഫലം തെളിയിക്കുന്നത്. ട്വന്റി ട്വന്റി മല്‍സര രംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം വ്യത്യസ്ഥമായിരിക്കും. ട്വന്റി ട്വന്റി നില്‍ക്കാത്തതിനാല്‍ പലരും വോട്ടു ചെയ്യാത്ത സാഹചര്യവുമുണ്ടായി. ആര്‍ക്കും വോട്ടു ചെയ്തിട്ടു കാര്യമില്ല എന്ന ചിന്തയുണ്ടായിരുന്നതിനാലായിരിക്കാം ഇതെന്നും അദ്ദേഹം പറഞ്ഞു. 

ഈ തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല എന്നതിനാലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്നത്. ആരെയും സഹായിക്കാനല്ല സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. ഏതെങ്കിലും നേതാക്കള്‍ പറയുന്നത് അനുവസരിച്ചു വോട്ടു ചെയ്യേണ്ട ജനവിഭാഗമല്ല നമ്മുടെത്. അതുകൊണ്ടാണ് ജനങ്ങളുടെ തീരുമാനത്തിനു വിട്ടത്. രണ്ടാമത് ഒരു അവസരം കൂടി കൊടുത്തിട്ട് ജനങ്ങളെ നിരാശരാക്കിയതിന്റെ ഫലമാണിത്. കുട്ടിസഖാക്കള്‍ മുതല്‍ നിയമം കയ്യിലെടുത്ത് ഒരു പെട്ടിക്കട പോലും നടത്താന്‍ പോലും സാധിക്കാത്ത വിധം കേരളത്തിന്റെ സാഹചര്യം മാറി. അതിനെതിരായ ഒരു പ്രതിഷേധമാണ് ഇതെന്നും സാബു പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 2244 വോട്ടുകളുടെ വര്‍ധന

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ