സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണെന്ന് പരിചയപ്പെടുത്തി, സരിത്തിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി : ഫ്ലാറ്റ് മാനേജര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 12:30 PM  |  

Last Updated: 08th June 2022 12:30 PM  |   A+A-   |  

sarith

സരിത്ത്/ ഫയല്‍ ചിത്രം

 

പാലക്കാട്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണെന്ന് പരിചയപ്പെടുത്തിയ ആളാണ് സരിത്തിനെ പിടിച്ചുകൊണ്ടുപോയതെന്ന് ബെല്‍ടെക് ഫ്ലാറ്റ് മാനേജര്‍. സ്വപ്‌നയുടെ ഫ്‌ലാറ്റ് ഏതാണെന്ന് അവര്‍ ചോദിച്ചു. വാഹന നമ്പര്‍ എത്രയാണെന്ന് ചോദിച്ചു. അതറിയില്ലെന്ന് പറഞ്ഞപ്പോള്‍, ഫ്ലാറ്റ് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു.

ഫ്ലാറ്റില്‍ നിന്നും സരിത്തിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റുന്നത് കണ്ടുവെന്നും മാനേജര്‍ പറഞ്ഞു. തന്റെ കൂടെയുള്ളത് പൊലീസ് ഡ്രൈവര്‍ ആണെന്നാണ് സിഐ എന്നു പരിചയപ്പെടുത്തിയയാള്‍ പറഞ്ഞതെന്നും മാനേജര്‍ വ്യക്തമാക്കി. 

വെള്ള കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ആറടി പൊക്കമുള്ള ആളും സംഘവുമാണ് എത്തിയത്. രജിസ്റ്ററില്‍ ഇവര്‍ പേരു രേഖപ്പെടുത്തിയില്ല. മാനേജരുടെ മുറി ചോദിച്ചു. സരിത്തിനെ കൊണ്ടുപോകുമ്പോള്‍ ബഹളം ഒന്നുമുണ്ടായില്ലെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. 

അതേസമയം സരിത്തിനെ പിടിച്ചുകൊണ്ടുപോയത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് ഫ്‌ലാറ്റില്‍ പരിശോധന നടത്തിയ പാലക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പാലക്കാട് പൊലീസ് അല്ല പിടിച്ചുകൊണ്ടു പോയത്. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പാലക്കാട് സിഐ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സരിത്തിനെ ഫ്ളാറ്റിൽനിന്ന് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി: സ്വപ്ന
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ