രണ്ടുവയസ്സുകാരൻ മലയുടെ മുകളിൽ എങ്ങനെ എത്തി?, അഞ്ചലിൽ കുട്ടിയെ കാണാതായതിൽ ദുരൂഹത തുടരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 12:42 PM  |  

Last Updated: 12th June 2022 12:42 PM  |   A+A-   |  

MISSING CASE

പ്രതീകാത്മക ചിത്രം

 

കൊല്ലം:  അഞ്ചലിൽ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ മണിക്കൂറുകൾക്ക് ശേഷം ഉയർന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. കാണാതായി 13 മണിക്കൂറോളം നേരം തെരച്ചിൽ നടത്തിയ ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. 

വലിയ മലയുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന വീട്ടിൽനിന്ന് വെള്ളിയാഴ്ച വൈകീട്ടോടെയാണ് അഫ്രാനെ കാണാതായത്. ഒരുവിധ കുഴപ്പങ്ങളുമില്ലാതെ മലയുടെ ഏറ്റവും ഉയർന്ന സ്ഥലത്ത് നിന്ന് ശനിയാഴ്ച പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്. ചെങ്കുത്തായ കയറ്റമുള്ള റബർ പുരയിടത്തിൽ ചെറിയ കുട്ടി എങ്ങനെ ഒറ്റക്കെത്തി എന്നതാണ് ചോദ്യമായി ഉയരുന്നത്. രാത്രിയിൽ മഴയുണ്ടായിരുന്നിട്ടും കണ്ടെത്തുന്ന സമയത്ത് കുട്ടി നനഞ്ഞതിന്റെ ലക്ഷണങ്ങളില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ടാപ്പിങ് തൊഴിലാളിയായ സുനിലാണ് കുട്ടിയെ കണ്ടെത്തിയത്.  സ്ഥലം അറിയാവുന്ന ആരോ ആണ് കുട്ടിയെ സുരക്ഷിതമായി ഇവിടെ എത്തിച്ചതെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. രാത്രി മുഴുവൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും പ്രദേശമാകെ അരിച്ചുപെറുക്കിയതാണ്. പൊലീസ് നായ ഈ പ്രദേശത്ത് മാത്രമാണ് മണം പിടിച്ചു നിന്നത്. 

ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്നതിന്റെയോ ഭക്ഷണം കഴിക്കാതിരുന്നതി‍െന്റെയോ ക്ഷീണമോ ആലസ്യമോ കുട്ടിയിൽ പ്രകടമായിരുന്നില്ലെന്ന് പുനലൂർ താലൂക്കാശുപത്രി അധികൃതരും വ്യക്തമാക്കി.വീടുമായി അടുപ്പമുള്ളവരോ, പ്രദേശവാസികളോ ആകാം സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നു.  നാട്ടുകാരും പൊലീസും ഫയർഫോഴ്സും ഡോഗ് സ്ക്വാഡും  രംഗത്തെത്തി തെരച്ചിൽ ആരംഭിച്ചതോടെ കുട്ടിയെ കടത്തിക്കൊണ്ട് പോകാൻ പറ്റാതെ ഉപേക്ഷിച്ചതാകാനും സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

തിരുവനന്തപുരത്ത് വീണ്ടും ചെള്ള് പനി മരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ