അണ്ഡം തിരുവനന്തപുരത്തെ ആശുപത്രിയിലേക്കും എത്തി, സമൻസ് അയച്ചു; നിര്‍ബന്ധിത അണ്ഡവില്‍പന കേസ് കേരളത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 07:55 AM  |  

Last Updated: 16th June 2022 07:55 AM  |   A+A-   |  

16 years old girl forced to sell eggs

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയ കേസിന്റെ അന്വേഷണം തിരുവനന്തപുരത്തെ ആശുപത്രിയിലേക്കും. ഈറോഡ് പെരുന്തുറെയിലെ ക്ലിനിക്ക് വഴി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് അണ്ഡം നല്‍കിയെന്നു കണ്ടെത്തിയതോടെയാണു ആശുപത്രി അധികൃതർക്ക് തമിഴ്നാട് പൊലീസും ആരോഗ്യവകുപ്പും സമന്‍സ് അയച്ചത്. 

തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിയായ 16കാരിയാണ് നിർബന്ധിത അണ്ഡവിൽപ്പനയ്ക്ക് ഇരയായത്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയും കാമുകനും ഇടനിലക്കാരിയും അറസ്റ്റിലായിരുന്നു. ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം, ഹൊസൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചായിരുന്നു വില്‍പന. ഇതില്‍ പെരുന്തുറയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. 

കേസ് അന്വേഷിക്കുന്ന ഈറോഡ് സൗത്ത് പൊലീസും ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ആശുപത്രികള്‍ക്കു സമന്‍സ് അയച്ചത്. അണ്ഡം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രികള്‍ കൂടുതല്‍ സമയം തേടി.

നിലവിൽ 16 വയസുള്ള പെണ്‍കുട്ടിയെ ആര്‍ത്തവം തുടങ്ങിയ 12–ാം വയസു മുതല്‍ അമ്മയും കാമുകനും ഇടനിലക്കാരിയും അണ്ഡവില്‍പനയ്ക്കു വിധേയമാക്കിയെന്നാണു പരാതി. ഒരോ തവണയും അണ്ഡം നല്‍കിയതിനു അമ്മയും കാമുകനും ആശുപത്രിയില്‍ നിന്നു 20000 രൂപ വീതവും ഇടനിലക്കാരി അയ്യായിരം രൂപ വീതവും കൈപ്പറ്റിയെന്നാണു പൊലീസ് കണ്ടെത്തല്‍. കുട്ടിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയതായും റിപ്പോർട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്റെ അച്ഛന്റേയും അമ്മയുടേയും മൊഴിയെടുത്തു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ