അങ്കണവാടികളില്‍ നല്‍കിയ അമൃതം പൊടി സുരക്ഷിതമില്ലാത്തത്; സിഎജി റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 03:46 PM  |  

Last Updated: 28th June 2022 03:46 PM  |   A+A-   |  

amrutham_podi

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: അങ്കണവാടികള്‍ വഴി വിതരണം ചെയ്തത് സുരക്ഷിതമല്ലാത്ത അമൃതം പൊടിയെന്ന്‌ സിഎജി റിപ്പോര്‍ട്ട്. നിയമസഭയില്‍ വെച്ച സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്. വിതരണംചെയ്ത 3,556 കിലോ വരുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ സാമ്പിളുകള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെങ്കിലും പിടിച്ചെടുക്കല്‍, തിരിച്ചെടുക്കല്‍ എന്നീ തുടര്‍നടപടികള്‍ ഉണ്ടായില്ല. അങ്കണവാടികളില്‍ നിന്നും നിര്‍മാണയൂണിറ്റുകളില്‍ നിന്നും അമൃതം പൊടിയുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അമൃതം പൊടിക്ക് പുറമെ വിതരണംചെയ്ത 444 കിലോ ബംഗാള്‍ പയറും സുരക്ഷിതമല്ലായിരുന്നുവെങ്കിലും ഇവയും തിരിച്ചെടുത്തില്ല. നാല് ജില്ലകളിലായി പരിശോധനയില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 159 ഭക്ഷ്യ ഉത്പന്നങ്ങളില്‍ 35 എണ്ണം തിരികെ എടുത്തില്ല. മറ്റ് 106 കേസുകളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തെ ലബോറട്ടറികള്‍ ഭക്ഷ്യസുരക്ഷയ്ക്കായുള്ള ഘടകങ്ങള്‍ പരിശോധിക്കാന്‍ പൂര്‍ണ സജ്ജമല്ലെന്നും. നിരവധി ഘടകങ്ങളുടെ പരിശോധനയ്ക്ക് എന്‍എബിഎല്‍. അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂരക പോഷകാഹാരമെന്ന പേരില്‍ അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. അമൃതം പൊടിയുടെ ഉത്പാദനം കുടുംബശ്രീക്കാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇപ്പോള്‍ അവതാരങ്ങളുടെ ചാകര; എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ല?; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ