ബ്രൂവറി കേസ്: സര്‍ക്കാരിന് തിരിച്ചടി, തടസ്സ ഹര്‍ജി തള്ളി, ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 03:05 PM  |  

Last Updated: 30th June 2022 03:05 PM  |   A+A-   |  

pinarayi_1

മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍


തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ ബ്രൂവറി അനുവദിക്കാന്‍ തീരുമാനമെടുത്തതില്‍ അഴിമതി നടന്നതായി ആരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന വിജിലന്‍സ് അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെയാണ് വിധി.

ബ്രൂവറിക്കു അനുമതി നല്‍കിയ സമയത്തെ സര്‍ക്കാര്‍ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്ന രമേശ് ചെന്നിത്തലയുടെ അപേക്ഷ കോടതി അനുവദിച്ചു. സാക്ഷികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന ഘട്ടമായതിനാല്‍ ഫയലുകള്‍ സാക്ഷികളെ കാണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. 

ബ്രൂവറി അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച് ഹൈക്കോടതിയില്‍ മറ്റൊരു വ്യക്തി നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയത് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ബ്രൂവറി അനുവദിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ചെന്നിത്തല ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ഇക്കാരണത്താല്‍ ചെന്നിത്തലയുടെ ഹര്‍ജിക്ക് നിയമസാധുത ഇല്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. ഇതേ നിലപാടാണ് തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലും വിജിലന്‍സ് സ്വീകരിച്ചത്. കോടതി ഇപ്പോള്‍ പരിഗണിക്കുന്നത് സ്വകാര്യ ഹര്‍ജിയുടെ ഭാഗമായുള്ള നിയമനടപടികളാണെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അന്തിമരൂപം എന്താണെന്ന് കോടതി വിധി വന്നാലേ അറിയാന്‍ കഴിയൂ. അതിനാല്‍ വിജിലന്‍സിന് ഇത്തരം ആവശ്യവുമായി ഹര്‍ജി സമര്‍പിക്കാന്‍ നിയമപരമായി കഴിയില്ലെന്നും ഹര്‍ജി തള്ളിക്കളയണമെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയുടെ മൊഴി എടുത്ത ശേഷം മുന്‍ മന്ത്രിമാരെ സാക്ഷികളായി വിസ്തരിക്കാന്‍ വേണ്ടി നോട്ടിസ് നല്‍കിയിരുന്നു. ഇവരുടെ സാക്ഷി വിസ്താരം ജൂലൈ 17ന് നടക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ്, ബ്രൂവറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ബ്രൂവറി കേസില്‍ പറയാനുള്ളത് കോടതിയില്‍ പറയുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാനില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം എന്തു കുഴല്‍നാടന്‍?, എവിടെനിന്ന് എന്തെങ്കിലും കേട്ട് വന്ന പറയുന്ന നിലവാരമില്ലാത്തയാള്‍; ഇപി ജയരാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ