ബിസ്കറ്റ് കഴിച്ചു, ഭക്ഷണം തൊട്ടില്ല; കേരളഹൗസിൽ താരമായി ആര്യയുടെ സൈറ; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 07:32 AM  |  

Last Updated: 04th March 2022 07:39 AM  |   A+A-   |  

arya_Zaira

വീഡിയോ ദൃശ്യം

 

ന്റെ പ്രിയപ്പെട്ടവൾക്കൊപ്പം യുക്രൈനിൽ നിന്നെത്തിയതിന്റെ ആശ്വാസത്തിലാണ് ആര്യ. എന്നാൽ കേരളത്തിലേക്ക് പോകാൻ ഇനിയും കടമ്പകളുണ്ട്. സൈറയെ വിമാനത്തിൽ കയറ്റാനാവില്ലെന്ന നിലപാടാണ് തിരിച്ചടിയാവുന്നത്. എന്നാൽ ഇതിലും വലിയ പ്രശ്നത്തിലാണ് സൈറ. ഇന്ത്യയിൽ എത്തിയതോടെ ഭക്ഷണമൊന്നും ശരിയായിട്ടില്ല. പാർലേജിയും വെള്ളവും മാത്രമാണ് അവൾ കഴിച്ചത്. കഴിക്കാനായി കൊണ്ടുവെച്ച ഭക്ഷണം ഒന്ന് തൊട്ടുപോലും നോക്കിയിട്ടില്ല. 

യുക്രൈനിൽ വിദ്യാർത്ഥിയായിരുന്ന ആര്യയും സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട വളർത്തുനായ സൈറയും ഇന്നലെയാണ് യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തിയത്. കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലായതോടെ ഡൽഹിയിലെ കേരളഹൗസിലാണ് ഇരുവരും. ഇതിനോടകം താരമായി മാറിയ സൈറയ്ക്ക് വലിയ സ്വീകരണമാണ് കേരളഹൗസ് ഒരുക്കിയത്. പുതിയ സ്ഥലത്ത് എത്തിയതിന്റെ പേടിയുണ്ടെങ്കിലും ഭക്ഷണമൊക്കെ കഴിച്ച് ഇണങ്ങിച്ചേരുകയാണ്. 

മാധ്യമപ്രവർത്തകനായ രജനീഷാണ് സൈറയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഉക്രൈനിൽ നിന്നെത്തിയ സൈബീരിയൻ ഹസ്കി ദില്ലി കേരള ഹൌസിൽ എന്നാണ് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. 'ഇന്ത്യയിലെത്തിയാൽ ഇന്ത്യൻ ബിസ്കറ്റ്  മീൽസ് തൊട്ടിട്ടില്ല' എന്ന കുറിപ്പോടെ പാർലേ ജി ബിസ്കറ്റ് തിന്നുന്ന മറ്റൊരു വീഡിയോയും രജനീഷ് പങ്കുവച്ചിട്ടുണ്ട്. 

ഇന്ന് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ കൊണ്ടു പോകാമെന്ന് നോർക്ക അറിയിച്ചുവെങ്കിലും, വിമാന കമ്പനി ആവശ്യം നിരസിച്ചു.  പോളിസി ഒരാൾക്ക് വേണ്ടി മാറ്റില്ലെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ ആര്യ എയർ ഇന്ത്യ വിമാനത്തിനുള്ള ടിക്കറ്റ് സ്വയം ബുക്ക് ചെയ്തുവെങ്കിലും, നായയുടെ ടിക്കറ്റിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ആര്യയെ കൂടാതെ മറ്റു ചില മലയാളി വിദ്യാര്‍ഥികളും വളര്‍ത്തുമൃഗങ്ങളുമായാണ് നാട്ടില്‍ തിരിച്ചെത്തിയത്. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിതമായി നാട്ടില്‍ തിരികെ എത്തിക്കുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ എയര്‍ഏഷ്യ വിമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ പോളിസി പ്രകാരം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് എയര്‍ഏഷ്യ അറിയിച്ചു.