'ചെങ്കൊടി കാണുമ്പോൾ ഹാലിളകുന്നത് മാടമ്പിത്തരം; അത്തരക്കാരെ നേരിട്ടാണ് പ്രസ്ഥാനം വളർന്നത്'- ജസ്റ്റിസ് ദേവൻ രാമചന്ദ്രന് പിണറായിയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 07:35 PM  |  

Last Updated: 04th March 2022 07:35 PM  |   A+A-   |  

pinarayi vijayan

ഫയല്‍ ചിത്രം

 

കൊച്ചി: ചെങ്കൊടി കാണുമ്പോൾ ചിലർക്ക് ഇപ്പോഴും വല്ലാത്ത അലർജിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളിൽ കൊടി തോരണങ്ങൾ കെട്ടിയതിനെ വിമർശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന് പരോക്ഷമായി മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം. 

ചെങ്കൊടി കാണുമ്പോൾ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്നും പിണറായി പറഞ്ഞു. ചെങ്കൊടി ഏന്തിയവരാണ് ഈ നാട്ടിലെ ഭരണാധികാരികളായി വന്നത്. ആ ചെങ്കൊടിയോട് ഇപ്പോഴും ചിലർക്ക് വല്ലാത്ത അലർജിയാണ്. അവിടെ കൊടി കാണുന്നു, ഇവിടെ കൊടി കാണുന്നു എന്നൊക്കെ വല്ലാതെ ചോദ്യങ്ങൾ ചിലർ ചോദിക്കുന്നതായി കാണുന്നു. 

അവരോട് ഒന്നേ പറയാനുള്ളൂ. ഇത് പണ്ട് മാടമ്പിമാർ പലരും ചോദിച്ചതാണ്. ആ മാടമ്പിമാർക്ക് ഉത്തരം കൊടുത്തുകൊണ്ടാണ് ഈ പ്രസ്ഥാനം വളർന്നുവന്നത്. ആ മാടമ്പിമാരുടെ ഏതെങ്കിലും തരത്തിലുള്ള താങ്ങും തണലും കൊണ്ട് വളർന്നുവന്ന പ്രസ്ഥാനമല്ല ഇത്. അത് മനസിലാക്കുന്നത് നല്ലതാണ്. ചുവപ്പ് കാണുമ്പോൾ ഹാലിളകുന്ന കാളയുടെ അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ല എന്നത് അത്തരം ആളുകളും ശക്തികളും മനസിലാക്കുന്നത് നല്ലതാണെന്നും പിണറായി തുറന്നടിച്ചു.

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരത്ത് കൊടി തോരണങ്ങൾ കെട്ടിയതിൽ സിപിഎമ്മിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശനം ഉന്നയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഫുട്പാത്തിൽ അടക്കം കൊടികൾ സ്ഥാപിച്ചതിനെയായിരുന്നു ഹൈക്കോടതി വിമർശനം.