കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ 5 മാസം ഗര്‍ഭിണിയായ യുവതിയുടെ ശ്രമം; രക്ഷയായത് ലോട്ടറി വില്‍പ്പനക്കാരന്റെ ഇടപെടല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 05th March 2022 08:58 AM |
Last Updated: 05th March 2022 09:04 AM | A+A A- |

ഫയല്‍ ചിത്രം
വിഴിഞ്ഞം: കടലിൽ ചാടി ജീവനൊടുക്കാൻ 5 മാസം ഗർഭിണിയായ യുവതിയുടെ ശ്രമം. എന്നാൽ ലോട്ടറി കച്ചവടക്കാരന്റെ ഇടപെടലിനെ തുടർന്ന് യുവതിയെ രക്ഷിക്കാനായി.
കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് യുവതി കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ സംശയം തോന്നിയ ലോട്ടറി കച്ചവടക്കാരൻ ആഴിമല ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും ഇവർ എത്തി പിന്തിരിപ്പിക്കുകയും ചെയ്തു. പിന്നാലെ പൊലീസിന്റെ സഹായത്തോടെ യുവതിയെ ഭർത്താവിനൊപ്പം അയച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വട്ടപ്പാറ സ്വദേശിയായ യുവതിയാണ് വിഴിഞ്ഞം ആഴിമലയിൽ കടലിൽ ചാടാനായി എത്തിയത്. അപകടം നിറഞ്ഞ പാറക്കൂട്ടങ്ങളിലേക്ക് പോകാനിറങ്ങിയ യുവതി അവിടെ കണ്ട ലോട്ടറി കച്ചവടക്കാരനോട് ഫോൺ വിളിക്കാനുള്ള സഹായം തേടി.
ഫോണിൽ സംസാരിക്കുന്നത് കേട്ട് പന്തികേട് തോന്നിയ കച്ചവടക്കാരൻ ഉടനെ ക്ഷേത്ര സെക്രട്ടറിയെ അറിയിച്ചു. ഓടിയെത്തിയ ക്ഷേത്ര ഭാരവാഹികൾ തീരത്തേക്ക് ഇറങ്ങിയ യുവതിയെ തടഞ്ഞ് നിർത്തി. ഏഴ് മാസങ്ങൾക്ക് മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അഞ്ച് മാസം ഗർഭിണിയാണെന്നും വീടുവയ്പുമായുള്ള പ്രശ്നമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു.