അമ്മപ്പുലി വന്നില്ല; ഉമ്മിനിയിലെ പുലിക്കുഞ്ഞ് ചത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 09:03 PM  |  

Last Updated: 06th March 2022 09:03 PM  |   A+A-   |  

ummini leopard cub

ഫയല്‍ ചിത്രം

 

പാലക്കാട്: ഉമ്മിനിയിൽ തള്ള പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി. വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാൽ പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് ചത്തത്. 

ആന്തരിക രക്തസ്രാവം ആണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണുത്തി വെറ്റിനറി കോളജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കും. ഇതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. 

അകത്തേത്തറ ഉമ്മിനിയിൽ ജനുവരിയിലാണ് ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് പുലിക്കുട്ടികളെ കണ്ടെത്തിയത്. പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിലായിരുന്നു തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ കുരക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊന്നൻ എന്ന അയൽവാസിയാണ് മതിൽ ചാടി കടന്ന് തകർന്ന വീട് പരിശോധിച്ചത്. 

ആൾ പെരുമാറ്റം കേട്ട തള്ള പുലി, കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പിൻഭാഗത്തുകൂടി ഓടി മറഞ്ഞു. കുഞ്ഞുങ്ങളെ സംരക്ഷിച്ച വനം വകുപ്പ് തള്ളപ്പുലിക്ക് വേണ്ടി കാത്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം തിരികെയെത്തിയ തള്ളപ്പുലി ഒരു കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു. വീണ്ടും തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുലി വന്നില്ല. ഇതോടെ അവശ നിലയിലായ പുലിക്കുഞ്ഞിനെ അകമലയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.