സര്‍ക്കാരിന്റെ തടസ്സവാദം തള്ളി; നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 09th March 2022 12:58 PM  |  

Last Updated: 09th March 2022 01:15 PM  |   A+A-   |  

SupremeCourtofIndia

ഫയല്‍ ചിത്രം


 

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

അഞ്ചുവര്‍ഷത്തോളമായി മാര്‍ട്ടിന്‍ ജയിലിലാണെന്നും, വിചാരണ പൂര്‍ത്തിയാകാന്‍ എത്രകാലം വേണമെന്ന് ആര്‍ക്കും ഒരു വ്യക്തതയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍, മാര്‍ട്ടിന്‍ ആന്റണിക്കും ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തിയെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം നല്‍കരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ജാമ്യം അനുവദിച്ചാല്‍ കര്‍ശന ഉപാധികള്‍ വെക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

അതിനിടെ വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് കേരള ഹൈക്കോടതി ഈ മാസം 17 ലേക്ക് മാറ്റിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ശാസ്ത്രീയപരിശോധനാ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സാവകാശം അനുവദിക്കണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ദിലീപിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത് ഫിലിപ്പ് ടി വര്‍ഗീസാണ്.