വഴിയിൽ കാത്തുനിന്നു, പൈനാപ്പിൽ തോട്ടത്തിലെ വാക്കത്തികൊണ്ട് വെട്ടി; വീട്ടമ്മയെ സഹോദരീ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 07:40 AM  |  

Last Updated: 11th March 2022 07:40 AM  |   A+A-   |  

murder_idukki

കൊല്ലപ്പെട്ട ഹലീമ, അറസ്റ്റിലായ ഷംസുദ്ദീൻ

 

ഇടുക്കി; വീട്ടമ്മയെ സഹോദരിയുടെ ഭർത്താവ് റോഡിലിട്ട് വെട്ടിക്കൊന്നു. ഇടുക്കി തൊടുപുഴയിലാണ് സംഭവമുണ്ടായത്. വെങ്ങല്ലൂർ കളരിക്കുടിയിൽ ജെഎച്ച്  ഹലീമയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഇവരുടെ മൂത്തസഹോദരിയുടെ ഭർത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീൻ (64) വാഴക്കുളം പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് വെങ്ങല്ലൂർ ഗുരു ഐടിസി റോഡിലാണ് സംഭവം. വെങ്ങല്ലൂരിൽ പുതുതായി നിർമിക്കുന്ന വീട്ടിൽനിന്ന്‌ ഇരട്ടസഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഹലീമ. വഴിയിൽ കാത്തുനിന്നഷംസുദ്ദീൻ പൈനാപ്പിൾത്തോട്ടത്തിൽ ഉപയോഗിക്കുന്ന വാക്കത്തികൊണ്ട് ഹലീമയെ വെട്ടി. തലയിലും പുറത്തും വെട്ടേറ്റു. കൈ അറ്റുതൂങ്ങി. തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയെങ്കിലും മരിച്ചു. പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

ഷംസുദ്ദീനും ഭാര്യയും രണ്ടുവർഷമായി അകന്നുകഴിയുകയാണ്. ഭാര്യ തന്നിൽനിന്ന് അകന്നതിന് കാരണം ഹലീമയാണെന്ന് ഷംസുദ്ദീൻ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.ഭർത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ടസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ.