വിനോദയാത്ര സംഘം സഞ്ചരിച്ച ട്രാവലറില്‍ ലോറിയിടിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മരിച്ചു

രണ്ടു ദിവസത്തെ അവധിയില്‍ പുളിക്കല്‍ സെക്ഷനിലെ 17 ജീവനക്കാരടങ്ങുന്ന സംഘം പാലക്കാട് വഴി വാള്‍പാറയിലേക്ക് യാത്രപുറപ്പെട്ടതായിരുന്നു
ഷാജി
ഷാജി

പെരിന്തല്‍മണ്ണ: വിനോദയാത്രക്കിടെ കെഎസ്ഇബി ജീവനക്കാര്‍ സഞ്ചരിച്ച ട്രാവലറില്‍ ചരക്ക് ലോറിയിടിച്ച് ഒരാള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 6.15 ഓടെ പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡില്‍ ഇഎംഎസ് ആശുപത്രിക്ക് സമീപമുള്ള വളവിലായിരുന്നു അപകടം. കൊണ്ടോട്ടി പുളിക്കല്‍ വൈദ്യുതി സെക്ഷനിലെ സബ് എന്‍ജിനീയര്‍ വാഴയൂര്‍ പുഞ്ചപ്പാടം താഴത്തുംചോല ഷാജി (44) ആണ് മരിച്ചത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടു ദിവസത്തെ അവധിയില്‍ പുളിക്കല്‍ സെക്ഷനിലെ 17 ജീവനക്കാരടങ്ങുന്ന സംഘം പാലക്കാട് വഴി വാള്‍പാറയിലേക്ക് യാത്രപുറപ്പെട്ടതായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ചെന്നൈയിലെ ചരക്ക് ലോറി ട്രാവലില്‍ വന്നിടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. 

ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ പിന്‍ഭാഗത്തെ രണ്ടു ചക്രങ്ങള്‍ തെറിച്ച് വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കൊണ്ടോട്ടി പൂക്കിലത്ത് സൂഫിയ എന്ന 23കാരിയെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ പിറകിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ട്രാവലറില്‍ ഇടിച്ച് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരിയായിരുന്ന അങ്ങാടിപ്പുറം സ്വദേശിനി ഒറവുംപുറത്ത് ഹാദിയ (22) ക്കും പരിക്കേറ്റു. ദേവകിയാണ് മരിച്ച ഷാജിയുടെ മാതാവ്. സഹോദരങ്ങള്‍ സുബ്രമണ്യന്‍, ശശി, ഹേമ. വൈദ്യുതി വകുപ്പില്‍ സബ് എന്‍ജിനീയറായ ഷാജി കാടാമ്പുഴ ഓഫീസില്‍ നിന്ന് നാലുമാസം മുമ്പാണ് പുളിക്കലേക്ക് സ്ഥലം മാറിയെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com