തിരുവല്ലം കസ്റ്റഡി മരണക്കേസ് സിബിഐയ്ക്ക്; മുഖ്യമന്ത്രിയുടെ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 09:25 PM  |  

Last Updated: 14th March 2022 09:25 PM  |   A+A-   |  

suresh

suresh


 

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും. കേസ് സിബിഐയ്ക്ക് വിടണമെന്ന് മരിച്ച സുരേഷിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. 

സുരേഷിന് മര്‍ദനം ഏറ്റെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പൊലീസ് മര്‍ദിച്ചിട്ടില്ലെന്നാണ് കൂട്ടുപ്രതികള്‍ മജിസ്‌ട്രേറ്റിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ പറയുന്നത്. 

സുരേഷിന്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ശരീരത്തിലെ പന്ത്രണ്ട് ചതവുകള്‍ മര്‍ദനമേറ്റതാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. രണ്ട് എസ്‌ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്‌ഐക്കുമെതിരെയാണ് നടപടി. സിഐക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ വിപിന്‍, ഗ്രേഡ് എസ്‌ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.

തിരുവല്ലത്ത് വച്ച് ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വെച്ച് സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.