പറഞ്ഞുപറ്റിക്കുമെന്ന് അന്നേ പറഞ്ഞിരുന്നു; അപ്പോള്‍ ചിലര്‍ പറഞ്ഞു മുഖ്യമന്ത്രിയെ വിശ്വാസമെന്ന്; വഖഫ് നിയമനത്തില്‍ ഉറപ്പ് എന്തായെന്ന് ലീഗ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 03:31 PM  |  

Last Updated: 15th March 2022 03:31 PM  |   A+A-   |  

salam

പി എംഎ സലാം മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

 

മലപ്പുറം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുപറ്റിക്കുമെന്ന് മുസ്ലീം ലീഗ് അന്നേ പറഞ്ഞിരുന്നുവെന്ന് ജനറല്‍സെക്രട്ടറി പിഎംഎ സലാം. അപ്പോള്‍ ചിലര്‍ പറഞ്ഞത് മുഖ്യമന്ത്രിയെ വിശ്വാസമാണെന്നാണ്. ഇപ്പോള്‍ ആ ഉറപ്പ് എന്തായെന്നും പിഎംഎ സലാം  ചോദിച്ചു. മന്ത്രി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

മുസ്‌ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണെന്നും ഭേദഗതി പിന്‍വലിക്കും വരെ ലീഗ് സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുമായി  നടത്തിയ ചര്‍ച്ചക്ക് ശേഷം സംയുക്ത പ്രക്ഷോഭത്തില്‍ നിന്ന് സമസ്ത പിന്‍വാങ്ങിയതോടെ പ്രക്ഷോഭം ലീഗ് വേണ്ടെന്ന് വച്ചിരുന്നു. 

വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ നടപ്പാക്കുവെന്നാണ് സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. വഖഫ് ബോര്‍ഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അതേസമയം വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഇന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.