'പോടാ' എന്നു വിളിച്ചു; മൂന്നര വയസുകാരനെ കെട്ടിയിട്ട് മർദ്ദിച്ചു, പച്ച മുളക് തേക്കാൻ ശ്രമം; അങ്കൺവാടി ആയക്കെതിരെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 12:27 PM  |  

Last Updated: 17th March 2022 12:27 PM  |   A+A-   |  

boy

ടെലിവിഷൻ ദൃശ്യം

 

കണ്ണൂർ: മൂന്നര വയസുകാരനായ കുട്ടിയെ അങ്കൺവാടി ആയ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. കണ്ണൂർ കിഴുന്നപ്പാറയിലാണ് സംഭവം. മുഹമ്മദ് ബിലാൽ എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിലാണ് പരാതി നൽകിയത്. ബേബി എന്ന് പേരുള്ള ആയക്കെതിരെയാണ് പരാതി. 

പോട എന്ന് വളിച്ചതിനാണ് മർദ്ദനമേറ്റതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. നേരത്തെയും ഇവർ കുട്ടിയെ മർദ്ദിച്ചിരുന്നുവെന്നും മറ്റൊരിക്കൽ കുട്ടിയെ മറിയിൽ പൂട്ടിയിട്ടിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. കൂടാതെ കുട്ടിയുടെ ദേഹത്ത് തേയ്ക്കാനായി ആയ പച്ചമുളക് കരുതി വച്ചിരുന്നതായും പരാതിയിൽ പറയുന്നു.

വൈകീട്ട് അങ്കൺവാടി വിട്ടു വന്നതിന് ശേഷം കുട്ടിയുടെ മാതാവ് കൈ പിടിച്ച സമയത്ത് കൈ വേദനിക്കുന്നതായി കുട്ടി പറഞ്ഞതോടെയാണ് സംഭവം അറിയുന്നത്. കുട്ടിയുടെ മാതാവും മാതാവിന്റെ ജ്യേഷ്ഠ സഹോദരിയും കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. 

കൈ കെട്ടിയിട്ട് അടിച്ചതായാണ് കുട്ടി പറഞ്ഞത്. പരിശോധിച്ചപ്പോൾ അടിയേറ്റതിന്റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. ഇവരുടെ ബന്ധു തന്നെയായ മറ്റൊരു കുട്ടിയും അതേ അങ്കൺവാടിയിൽ പഠിക്കുന്നുണ്ട്. ആ കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോൾ മുഹമ്മദ് ബിലാലിന് മർദ്ദനമേറ്റുവെന്നും വ്യക്തമായെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി.  

കുട്ടി കുരുത്തക്കേട് കാണിച്ചപ്പോൾ അടിച്ചുവെന്ന് ആയയും സമ്മതിക്കുന്നുണ്ട്. ചെറിയ വടികൊണ്ട് കൈയ്ക്ക് തല്ലുകയായിരുന്നു. എന്നാൽ കെട്ടിയിട്ട് മർദ്ദിച്ചതായുള്ള ആരോപണം അവർ നിഷേധിച്ചു. പച്ചമുളക് തേയ്ക്കാൻ ശ്രമിച്ചതായുള്ള ആരോപണവും അവർ തള്ളി.

അങ്കൺവാടി ടീച്ചർ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നില്ല. ഇന്നലെ ഒരു യോ​ഗവുമായി ബന്ധപ്പെട്ട് അവർ പുറത്തായിരുന്നു. ഈ സമയത്ത് ആയയാണ് കുട്ടികളെ നോക്കിയിരുന്നത്.