കടുത്ത സാമ്പത്തിക നഷ്ടം, വിവേചനം; ഡീസല്‍ വില വര്‍ധനക്കെതിരെ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 05:50 PM  |  

Last Updated: 18th March 2022 05:50 PM  |   A+A-   |  

ksrtc service

പ്രതീകാത്മക ചിത്രം

 


കൊച്ചി: ഡീസല്‍ വില കുത്തനെ കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ കെ എസ്ആര്‍ടിസി ആവശ്യപ്പെട്ടു. വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക്  ഡീസല്‍ വില്‍ക്കുന്നത് വിവേചനം ആണെന്നും ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി.  

എണ്ണക്കമ്പനികളുടെ നടപടി കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്നും ഹര്‍ജിയില്‍ കെഎസ്ആര്‍ടിസി പറയുന്നു. ഡീസല്‍ ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൂട്ടിയത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍പ്പെടുത്തിയാണ് എണ്ണവില വര്‍ദ്ധിപ്പിച്ചത്. 

നേരത്തേ ഐ ഒ സി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ പോകാനായിരുന്നു കോടതി ഉത്തരവ്. ഇത് നിലനില്‍ക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയത്.

കെ എസ് ആര്‍ ടി സിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധനവില വര്‍ധനയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 4 ലക്ഷം ലിറ്റര്‍ ഡിസലാണ് കെ എസ് ആര്‍ ടി സിക്ക് ഒരു ദിവസം വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക. പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും ആന്റണി രാജു പറഞ്ഞു.