കോവിഡ് നിയന്ത്രണം: സംസ്ഥാനത്ത് പിഴയായി പിരിച്ചെടുത്തത് 350 കോടി രൂപ; നടപടി നേരിട്ടത് 66 ലക്ഷം പേര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 07:50 AM  |  

Last Updated: 24th March 2022 07:50 AM  |   A+A-   |  

Covid restrictions: State collects Rs 350 crore in fines

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പിഴയായി സര്‍ക്കാര്‍ പിരിച്ചെടുത്തത് 350 കോടി രൂപ. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടപടി നേരിട്ടത് 66 ലക്ഷം പേരാണ്. പിഴത്തുക ഏറ്റവുമധികം കിട്ടിയത് മാസ്‌ക് ധരിക്കാത്തതിനാണ്. 213. 68 കോടി രൂപയാണ് മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴയായി പിരിച്ചെടുത്തത്. 

42,73,735 പേരാണ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായത്. 2000 രൂപ വരെ പിഴയിട്ടിരുന്നു. ക്വാറന്റീന്‍ ലംഘനത്തിന് 14,981 പേര്‍ പിടിയിലായി. 74,90,500 രൂപയാണ് പിഴയായി ഈടാക്കിയത്. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 12,27,065 പേര്‍ക്കെതിരെ നടപടിയെടുത്തു. 61,35,32,500 ( 61 കോടി 35 ലക്ഷം) രൂപയാണ് പിഴയായി ഈടാക്കിയത്. 

കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 5,36,911 വണ്ടികള്‍ പിടിച്ചെടുത്തു. 26,84,55,500 രൂപ (26 കോടി 84 ലക്ഷം) പിഴയായി ഈടാക്കി. 2020 മാര്‍ച്ച് മുതല്‍ കഴിഞ്ഞ ദിവസം വരെ കോവിഡ് നിയമലംഘനത്തിന് നടപടി നേരിട്ടത് 65,99,271 പേരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് രണ്ടു വര്‍ഷമായി തുടരുന്ന കോവിഡ് നിയന്ത്രണ നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും തുടരണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.