'32 ലക്ഷം എങ്ങനെ അഞ്ചുകോടിയായി?; സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു'; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 02:25 PM  |  

Last Updated: 26th March 2022 02:25 PM  |   A+A-   |  

saji cheriyan

സജി ചെറിയാന്‍/ഫയല്‍

 

ആലപ്പുഴ: മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്.  നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ 32 ലക്ഷത്തിന്റെ സ്വത്ത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം, കെ റെയില്‍ വിവാദത്തിനിടെ തനിക്ക് അഞ്ച് കോടി സ്വത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്. വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍,  ലോകായുക്ത എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. 

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 32 ലക്ഷം രൂപയില്‍ നിന്നും 5കോടിയയി തന്റെ സമ്പാദ്യം വളര്‍ത്തിയതിന് പിന്നില്‍ അഴിമതിയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. 

തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ സജി ചെറിയാന്‍ മറ്റു ബിസിനസുകള്‍ ചെയ്യുന്നതായി വിവരം നല്‍കിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തി അനധികൃതമായി സമ്പാദിച്ചതാണ് അഞ്ചുകോടി രൂപയെന്ന് മന്ത്രിയുടെ പ്രസ്താവനയില്‍ തന്നെ തെളിഞ്ഞിട്ടുള്ളതായും പരാതിയില്‍ ആരോപിക്കുന്നു. മന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകളും ഇടപെട്ട മറ്റു ഇടപാടുകളും അനിവേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.