ക്ഷേത്ര ദര്‍ശനത്തിന്റെ മറവില്‍ കഞ്ചാവ് കടത്ത്; ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേനയാണ് സംഘം കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്
പിടിച്ചെടുത്ത കഞ്ചാവുമായി അന്വേഷണ സംഘം
പിടിച്ചെടുത്ത കഞ്ചാവുമായി അന്വേഷണ സംഘം

കൊല്ലം: ക്ഷേത്ര ദര്‍ശനത്തിന്റെ മറവില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. നീണ്ടകര ചീലാന്തി ജങ്ഷനു സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് 25 കിലോ കഞ്ചാവുമായി സംഘം പിടിയിലായത്. കാറിന്റെ ഡോര്‍ ഭാഗത്തു പൊതികളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേനയാണ് സംഘം കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ആറ്റിങ്ങല്‍ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റെവിള പുത്തന്‍വീട്ടില്‍ വിഷ്ണു (27), ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂര്‍ മുരന്തല്‍ ചേരി സരിതാ ഭവനില്‍ അഭയ്ബാബു (21), കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷനില്‍ ഇടയിലഴികം പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. വിശാഖപട്ടണത്തുനിന്നും കൊല്ലം നഗരത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സമാനമായ രീതിയില്‍ ഇവര്‍ നേരത്തെയും കഞ്ചാവ് കടത്തിയതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

മൂന്ന് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ നല്‍കിയ സൂചനയെത്തുടര്‍ന്നാണ് നാലാമനായ കൊല്ലം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ അറസ്റ്റിലാകുന്നത്. കഞ്ചാവ് കൊണ്ടുവന്നത് ഇയാള്‍ക്ക് വേണ്ടിയാണ് എന്ന് കാര്‍ യാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കൊല്ലം സിറ്റി ഡാന്‍സാഫും ചവറ പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും അടങ്ങുന്ന ടീം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കരുനാഗപ്പള്ളിയില്‍നിന്നും പൊലീസ് സംഘം ഇവരെ പിന്തുടരുകയും ചീലാന്തി ജങ്ഷനിലെ പെട്രോള്‍ പമ്പില്‍ വച്ച് പിടികൂടുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com