ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത് താനെന്ന് ദിലീപ്; 'ശബ്ദരേഖകളില്‍ പലതും മിമിക്രി; സിനിമാ മേഖലയില്‍ നിന്നടക്കം ഗൂഢാലോചന'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 10:49 AM  |  

Last Updated: 30th March 2022 10:49 AM  |   A+A-   |  

dileep1055003_(1)

ഫയല്‍ ചിത്രം

 

കൊച്ചി: ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത് താനാണെന്ന് നടന്‍ ദിലീപ് അന്വേഷണസംഘത്തിന് മൊഴി നല്‍കി. മുംബൈയിലെ ലാബില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും ദിലിപ് പറഞ്ഞു. എന്നാല്‍ ഫോറന്‍സിക് ലാബിലെ കണ്ടെത്തലിനോട് പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ കോടതിയില്‍ അഭിഭാഷകര്‍ മറുപടി നല്‍കുമെന്നും ദിലീപ് പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടിഎന്‍ സൂരജിനെ ചോദ്യം ചെയ്യും. ഇന്നലെ ദിലീപിനൊപ്പം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും സ്ഥലത്ത് ഇല്ലെന്നായിരുന്നു മറുപടി. സുരാജുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും മിമിക്രിയാണെന്നും ശബ്ദരേഖകളില്‍ ചിലത് മാത്രമാണ് തന്റേതെന്ന് ദീലീപ് അന്വേഷണസംഘത്തോട് പറഞ്ഞു. തെളിവായി മാറിയേക്കാവുന്ന ശബ്ദം തന്റേതാണെന്ന വാദം നിഷേധിച്ച ദിലീപ് ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിനോട് സഹകരിച്ചതുമില്ല. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നാണ് ദിലീപിന്റെ വാദം. സിനിമാ മേഖലയില്‍ നിന്നടക്കം ഗൂഢാലോചന നടക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലടക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി 16 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യംചെയ്തത്. ഇന്നലെ ബാലചന്ദ്രകുമാര്‍ പോയശേഷവും ദിലീപിനെ ചോദ്യംചെയ്യുന്നത് തുടര്‍ന്നിരുന്നു. ഒമ്പതര മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം രാത്രി എട്ടു മണിയോടെയാണ് ദിലീപ് മടങ്ങിയത്. ചോദ്യംചെയ്യല്‍ തുടരുമെന്നാണ് സൂചന.