കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു; സമരം ചെയ്യുന്നവരുടെ വേതനം തിരിച്ചുപിടിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 08:33 PM  |  

Last Updated: 05th May 2022 08:33 PM  |   A+A-   |  

ksrtc strike dies non

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം തിരിച്ചുപിടിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്. 

ഭരണകക്ഷി സംഘടനയായ എഐടിയുസി, കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവയാണു പണിമുടക്കില്‍ പങ്കെടുക്കുന്നത്.24 മണിക്കൂര്‍ സൂചനാ പണിമുടക്കിനാണു സംഘടനകളുടെ ആഹ്വാനം. സിപിഎം സംഘടനയായ സിഐടിയു പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

പത്താം തീയതി ശമ്പളം നല്‍കാമെന്ന സര്‍ക്കാര്‍ നിലപാടിനോടു യോജിക്കാനാകില്ലെന്നും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്നും സംഘടനകള്‍ നിലപാടെടുത്തു. അതേസമയം, കെഎസ്ആര്‍ടിസി പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പണിമുടക്ക് കൂടുതല്‍ പ്രതിസന്ധിയിലേക്കു സ്ഥാപനത്തെ കൊണ്ടുപോകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ചൂണ്ടിക്കാട്ടി. പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രിതല ചര്‍ച്ച പരാജയമാണെന്ന് കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫ് നേതാക്കള്‍ പറഞ്ഞു. ശമ്പളം കൃത്യമായി നല്‍കാമെന്നു പലതവണ പറഞ്ഞെങ്കിലും നടപ്പിലായില്ലെന്നും അവര്‍ പറഞ്ഞു. ശമ്പളവിതരണത്തിന് അഞ്ചു ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ ചോദിച്ചതെന്നും കോവിഡ് സാഹചര്യങ്ങള്‍ പരിഗണിക്കണമെന്നും സിഐടിയു നേതാക്കള്‍ പറഞ്ഞു. 21ാം തീയതി ശമ്പളം നല്‍കാമെന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. സര്‍ക്കാര്‍ ഇടപെട്ടാണ് അതു പത്തിലേക്കു മാറ്റിയത്. അടുത്ത മാസം അഞ്ചാം തീയതി മുതല്‍ ശമ്പളം നല്‍കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. വ്യവസായത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധത്തില്‍നിന്ന് പിന്‍മാറുകയാണെന്നും സിഐടിയു നേതാക്കള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

'ഉറപ്പാണ് പേമെന്റ് സീറ്റ്; അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്'; ട്രോളി സിദ്ദീഖ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ