'പൊലീസ് കൈകാര്യം ചെയ്തത് തീവ്രവാദിയോടെന്ന പോലെ; അറസ്റ്റ് ​ഗൂഢാലോചന'- സനൽകുമാർ ശശിധരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 02:24 PM  |  

Last Updated: 06th May 2022 02:24 PM  |   A+A-   |  

sanal

ഫയല്‍ ചിത്രം

 

കൊച്ചി: നടി മഞ്ജു വാര്യരെ താൻ ശല്യപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജു വാര്യർ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സനൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിന് ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ശേഷമാണ് സനൽ കുമാറിന്റെ പ്രതികരണം. രണ്ട് പേരുടെ ഉറപ്പിലാണ് ജാമ്യം അനുവദിച്ചത്. 

'അറസ്റ്റ് ​ഗൂഢാലോചനയാണ്. ഒരു കോൾ വിളിച്ചാൽ ഞാൻ പൊലീസിന് മുന്നിൽ ഹാജരാകുമായിരുന്നു. എന്നാൽ പൊലീസ് എന്നെ വിളിച്ചില്ല. പകരം ലൊക്കേഷനൊക്കെ ട്രെയ്സ് ചെയ്ത് ഏതോ തീവ്രവാദിയെ പിടികൂടുന്ന പോലെയാണ് അറസ്റ്റ് ചെയ്തത്. ഞാനും അനിയത്തിയും ബന്ധുക്കളും ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ പൊലീസ് എത്തി ബലമായി പിടിച്ച് ഇറക്കുകയായിരുന്നു'- സനൽകുമാർ പറഞ്ഞു. 

തനിക്ക് ചില കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനുണ്ട്. ഇക്കാര്യങ്ങൾ എഴുതി നൽകൻ അനുവദിക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മഞ്ജു വാര്യരുടെ പരാതിയിൽ സനൽകുമാർ ശശിധരനെതിരെ തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. മഞ്ജു വാര്യയെ സനൽകുമാർ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

സനൽകുമാറിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. അന്വേഷണവുമായി സനൽകുമാർ സഹകരിക്കുന്നില്ലെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്, അജിത്തിന്റെ നായിക

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ