ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചു; മൂന്നാറിൽ ഹോട്ടൽ ഉടമയെയും കുടുംബത്തെയും വെട്ടി, നാലുയുവാക്കൾ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 06:30 AM  |  

Last Updated: 07th November 2022 06:30 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

മൂന്നാർ: ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇക്കാനഗറിലെ ‘സാഗർ’ ഹോട്ടൽ ഉടമ എൽ പ്രശാന്ത് (54), ഭാര്യ വിനില (44), മകൻ സാഗർ (27) എന്നിവർ തലയിലും കയ്യിലും വെട്ടേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നാലുയുവാക്കളെ അറസ്റ്റ് ചെയ്തു. മൂന്നാർ ന്യൂ കോളനി സ്വദേശികളായ എസ് ജോൺ പീറ്റർ (25), ജെ തോമസ് (31), ആർ ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയിൽ ആർ മണികണ്ഠൻ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. 

ശനിയാഴ്ച രാത്രി 9.30നാണു സംഭവം. ഹോട്ടലിലെത്തിയ മണികണ്ഠൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു. അതു കിട്ടാൻ വൈകിയപ്പോൾ കൗണ്ടറിലുണ്ടായിരുന്ന സാഗറുമായി തർക്കമുണ്ടായി. ഈ സമയം ഹോട്ടലിൽ മുപ്പതോളം വിനോദസഞ്ചാരികൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. സഞ്ചാരികൾക്ക് ആദ്യം ഭക്ഷണം കൊടുത്തതോടെ പുറത്തേക്കിറങ്ങിയ മണികണ്ഠൻ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം അകത്തു കയറി പ്രശാന്തിനെയും കുടുംബത്തെയും കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കരടി ചാടിവീണു, കാലുകൾക്കിടയിലാക്കി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്, തീവ്രപരിചരണവിഭാഗത്തിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ