ഞങ്ങള്‍ നേരത്തെ പറഞ്ഞത്;  സുധാകരന്റെ വെളിപ്പെടുത്തലില്‍ പ്രത്യേകതയില്ലെന്ന് എംവി ഗോവിന്ദന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 05:04 PM  |  

Last Updated: 09th November 2022 05:04 PM  |   A+A-   |  

mv_govindan

എം വി ഗോവിന്ദന്‍

 

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വെളിപ്പെടുത്തലില്‍ തനിക്ക് പ്രത്യേകതയൊന്നും തോന്നുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇവര്‍ തമ്മിലുള്ള ബന്ധം നേരത്തെതന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 

ആര്‍എസ്എസും സുധാകരനും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. ഇപി ജയരാജനെ വെടിവെച്ച കേസിലെ പ്രധാനപ്പെട്ട രണ്ടു പ്രതികള്‍ ആര്‍എസ്എസുകാരാണ്. സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയില്‍ ആര്‍എസ്എസുകാരെയാണ് അവര്‍ ഉപയോഗിച്ചതെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍, പ്രത്യേകിച്ചും കണ്ണൂരില്‍ ആര്‍എസ്എസും കോണ്‍ഗ്രസും പരസ്പര പൂരകമായാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ താന്‍ അതിന്റെ കണ്ണിയാണെന്ന് സുധാകരന്‍ പറഞ്ഞു എന്നുമാത്രം. കേരള ചരിത്രത്തില്‍ കണ്ണൂര്‍ ജില്ലയെ ആര്‍എസ്എസ് ദത്തെടുത്ത വിവരം ഒന്ന് പഠിക്കുന്നത് നല്ലതാണ്. രണ്ടുകോടി രൂപ ഞങ്ങള്‍ ആദ്യ ഗഡു ഇതിനായി നല്‍കിയെന്നത് ആര്‍എസ്എസ് തന്നെ പറഞ്ഞിട്ടുണ്ട്. സിപിഎമ്മിനെ നശിപ്പിക്കാന്‍ ഈ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ജില്ല എന്ന നിലക്കായിരുന്നു കണ്ണൂരിനെ ദത്തെടുക്കല്‍. ഞങ്ങള്‍ കടന്നാക്രമണം നടത്തിയപ്പോള്‍ സംരക്ഷണം നല്‍കിയെന്ന് സുധാകരന്‍ പറയുന്നത് ആര്‍എസ്എസിനെ വെള്ളപൂശാന്‍ വേണ്ടിയാണ്.

ബിജെപി തീവ്രഹിന്ദു രാഷ്ട്രീയം ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു എന്നതാണ് മതനിരപേക്ഷതയ്ക്കുവേണ്ടിയും വര്‍ഗീയതയ്‌ക്കെതിരായും പൊരുതി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സിപിഎമ്മിന് ചൂണ്ടിക്കാട്ടാനുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലര്‍, നിയമിക്കുക വിദ്യാഭ്യാസ വിദഗ്ധരെ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ