'ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുത്, അത്രയേ പറഞ്ഞിട്ടുള്ളു'- എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 05:53 PM  |  

Last Updated: 13th November 2022 05:53 PM  |   A+A-   |  

vd satheesan

വിഡി സതീശന്‍/ ഫയല്‍

 

ദുബായ്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താൻ എന്‍എസ്എസിനെ തള്ളി പറഞ്ഞിട്ടില്ലെന്നും ആരുമായും അകല്‍ച്ചയില്ലെന്നും സതീശന്‍ വ്യക്തമാക്കി. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് താന്‍ ആകെ പറഞ്ഞത് വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കില്ലെന്നും അത് രാഷ്ട്രീയ നേതാക്കള്‍ ചെയ്യരുതെന്നുമാണ് താന്‍ പറഞ്ഞത്. അവർ ഇരിക്കാന്‍ പറയുമ്പോള്‍ ഇരുന്നാല്‍ മതി, കിടക്കരുതെന്ന് താന്‍ പറഞ്ഞത് കൃത്യമാണെന്നും സതീശന്‍ വിശദീകരിച്ചു. 

'ഒരു വര്‍ഷം മുമ്പ് ഞാന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു. അന്നുതന്നെ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. എല്ലാ മത വിഭാഗങ്ങളുടെ അടുത്തും ഞങ്ങള്‍ പോകും. ഒരാള്‍ക്കും അയിത്തം കല്‍പ്പിച്ചിട്ടില്ല. ഞാന്‍ എന്‍എസ്എസിനെ തള്ളി പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് വളരെ കൃത്യമാണ്.'

'എല്ലാവരുടെ അടുത്തും പോകാം. അവരുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാം. അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാം. സഹായിക്കാം. ആരോടും അകല്‍ച്ചയില്ലാത്ത നിലപാടാണ് ഉളളത്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാം, എന്നാല്‍ കിടക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നത് തെറ്റല്ല'- സതീശൻ പറഞ്ഞു. 

സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശനാണെന്നായിരുന്നു ജി സുകുമാരൻ നായരുടെ വിമർശനം. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂര്‍ തന്റെ അടുത്ത് വന്നിരുന്ന് സതീശൻ പിന്തുണ അഭ്യര്‍ത്ഥിച്ചു. പിന്നീട് ഒരു സമുദായ സംഘടനയുടേയും പിന്തുണയോടെയല്ല ജയിച്ചതെന്ന് പറഞ്ഞു. ഒരു സമുദായത്തിന്റെയും പിന്തുണയിലല്ല വന്നതെന്നാണ് സതീശന്റെ ഇപ്പോഴത്തെ നിലപാട്. സമുദായത്തെ തള്ളിപ്പറയുന്ന ഈ സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

'ശബരിമലയിലേത് നിത്യ ബ്രഹ്മചാരി സങ്കല്‍പ്പം'; വിശദീകരണവുമായി ജി സുധാകരന്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ