അന്വേഷണം നടക്കുന്നതിനാല്‍ പരിഗണിക്കാനാവില്ല; ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യമില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th November 2022 11:38 AM |
Last Updated: 30th November 2022 11:38 AM | A+A A- |

ഷാരോണ്‍ രാജും ഗ്രീഷ്മയും
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റെയും ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറഞ്ഞത്. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു.
തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നുമായിരുന്നു ഇരുവരുടെയും വാദം. എന്നാൽ കൊലപാതക ആസൂത്രണം പ്രതികളും അറിഞ്ഞായിരുന്നുവെന്നും, അന്വേഷണം തുടരുന്ന സാഹചര്യത്തിൽ
ഇവർക്ക് ജാമ്യത്തിന് അർഹതയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.
കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി മുഖ്യ പ്രതി ഗ്രീഷ്മ, കാമുകനായ പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടും മൂന്നും പ്രതികളാണ് സിന്ധുവും നിര്‍മ്മല കുമാരന്‍ നായരും. കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു; തിരുവനന്തപുരത്ത് രണ്ടു യുവാക്കള്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ