ഗവര്‍ണര്‍ ഭരണഘടനാതീത ശക്തിയല്ല; ഇഷ്ടമല്ലെന്ന് കരുതി മന്ത്രിമാരെ പിന്‍വലിക്കാനൊന്നും പറ്റില്ല: വിഡി സതീശന്‍

മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വിഡി സതീശന്‍/ ഫയല്‍
വിഡി സതീശന്‍/ ഫയല്‍

തിരുവനന്തപുരം: മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭരണഘടനാതീത ശക്തിയൊന്നുമല്ല ഗവര്‍ണര്‍. ഭരണഘടനയില്‍ ഗവര്‍ണറുടെ സ്ഥാനവും ഗവണ്‍മെന്റിന്റെ സ്ഥാനവും പറഞ്ഞിട്ടുണ്ട്. അല്ലാതെ ഗവര്‍ണര്‍ക്ക് ഇഷ്ടമില്ല എന്നു കരുതി മന്ത്രിമാരെ പിന്‍വലിക്കാനൊന്നും പറ്റില്ല. അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് നടത്താന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. അക്കാര്യങ്ങള്‍ അദ്ദേഹം ചെയ്യണം.- പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. അധിക്ഷേപം തുടര്‍ന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഗവര്‍ണറുടെ അധികാരം കൃത്യമായ ഇടപെടലുകള്‍ക്ക് ഉപയോഗിക്കണം. കണ്ണൂര്‍ വിസി നിയമനം അനധികൃതമായിരുന്നു എന്ന് ഗവര്‍ണര്‍ തന്നെ സമ്മതിച്ചതാണ്. അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടി ഇതുവരെ സ്വീകരിച്ചില്ല. കേരള സര്‍വകലാശാലയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പോലെ മാറ്റുകയാണ്. സെനറ്റിന്റെ നോമിനിയെ കൊടുക്കുന്നില്ല. ഇതെല്ലാം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ്. അതിന്റെയൊന്നും പേരില്‍ മന്ത്രിമാരെയൊന്നും പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല.- വി ഡി സതീശന്‍ പറഞ്ഞു. 

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഉടക്ക് വെറുതേ കാണിക്കുന്നതാണെന്നും ഗൗരവം കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്ക് എതിരെ സര്‍ക്കാര്‍ ഫൈറ്റ് ചെയ്യില്ല. കാരണം, സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നില്ല. കേന്ദ്രത്തിലെ ബിജെപിയും സംസ്ഥാനത്തിലെ സിപിഎം നേതൃത്വവും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com