'അന്ന് കാലുപിടിച്ചപ്പോള്‍ എവിടെപ്പോയി സംഘപരിവാര്‍ വിരുദ്ധത?'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

ഗവര്‍ണറുടെ നടപടികളെ വിഷയാധിഷ്ഠിതമായിട്ടു മാത്രമാണ് പ്രതിപക്ഷം എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്തിട്ടുള്ളത്
വി ഡി സതീശന്റെ വാര്‍ത്താസമ്മേളനം/ ടിവി ദൃശ്യം
വി ഡി സതീശന്റെ വാര്‍ത്താസമ്മേളനം/ ടിവി ദൃശ്യം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ നിയമനം മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി നടത്തിയ അപ്പോയിന്‍മെന്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്ന് മുഖ്യമന്ത്രി നേരില്‍ പോയി ഇത് എന്റെ സ്വന്തം ജില്ലയാണ്, എന്റെ വൈസ് ചാന്‍സലറെ വെക്കണമെന്ന് ഗവര്‍ണറുടെ കാലുപിടിച്ചപ്പോള്‍ എവിടെപ്പോയി പിണറായിയുടെ സംഘപരിവാര്‍ വിരുദ്ധതയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 

സംഘപരിവാറിന്റെ കേരളത്തിലെ പ്രതിനിധിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന ഈ ഗവര്‍ണറുമായി ചേര്‍ന്നാണ് ഈ സര്‍വകലാശാലകളിലെ നിയമവിരുദ്ധമായ നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത്. യുജിസി നിയമം ലംഘിച്ചുകൊണ്ടാണ്, ആ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വി സിമാരെ നിയമിച്ചതെന്ന്  പ്രതിപക്ഷം തുടക്കം തൊട്ടുതന്നെ ഉറച്ച നിലപാടെടുത്തിട്ടുണ്ട്. 

വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് നിയമപരമായിട്ടല്ല, നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഗവര്‍ണര്‍ ഇതിന് കൂട്ടുനില്‍ക്കുന്നതിന്റെ പേരില്‍ ഏറ്റവും ശക്തിയായി എതിര്‍ത്തത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ വ്യക്തിപരമായി ഏറ്റവും കൂടുതല്‍ അധിക്ഷേപിച്ചത് പ്രതിപക്ഷ നേതാവിനെതിരെയാണ്. അന്ന് മുഖ്യമന്ത്രി ഗവര്‍ണറുടെ കൂടെ നിന്നുകൊണ്ട് ഇതിനെല്ലാം കൂട്ടു നില്‍ക്കുകയായിരുന്നു. 

സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി വിധിയെങ്കിലും, അതിലെ വാക്കുകള്‍ വളരെ വ്യക്തമാണ്. ഏതു സര്‍വകലാശാല വൈസ് ചാന്‍ലറെയാണ് യുജിസി റെഗുലേഷന്‍ ലംഘിച്ചു നിയമിച്ചത്, അത് അപ്പോയിന്റ് ചെയ്തപ്പോള്‍ തന്നെ നിയമവിരുദ്ധമായെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കേരളത്തിലെ ഈ ഒമ്പതു സര്‍വകലാശാല വിസി നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

എല്ലായിടത്തും മൂന്നു പേര്‍ മുതല്‍ അഞ്ചുപേര്‍ വരെ പാനല്‍ കൊടുക്കണമെന്ന് യുജിസി പറയുമ്പോള്‍, ഒറ്റപേരു മാത്രമാണ് നല്‍കിയത്. മന്ത്രിമാരുടേയും നേതാക്കളുടേയും ബന്ധുക്കളെ സര്‍വകലാശാലകളിലെ അധ്യാപകരായി നിയമിക്കുന്നതിനു വേണ്ടിമാത്രമാണ് ഇഷ്ടക്കാരായ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. സുപ്രീംകോടതി വിധി വന്നപ്പോള്‍, ഇപ്പോള്‍ മാത്രമെങ്ങനെയാണ് ഗവര്‍ണര്‍ക്ക് സംഘപരിവാര്‍ മുഖമെന്ന് വി ഡി സതീശന്‍ ചോദിച്ചു. 

നാളെ ഈ ഗവര്‍ണര്‍ സംഘപരിവാര്‍ ബന്ധമുള്ള ഏതെങ്കിലും ഒരു വൈസ് ചാന്‍സലറെ നിയമിച്ചാല്‍, അല്ലെങ്കില്‍ സംഘപരിവാറിന്റെ ഏതെങ്കിലും അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് പ്രതിപക്ഷം എതിര്‍ക്കും. ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോല്‍ കലുഷിതമാണ്. ആരാണ് ഇതിന് ഉത്തരവാദി?. ഒന്നാം പ്രതി സര്‍ക്കാരാണ്. രണ്ടാം പ്രതി ഗവര്‍ണര്‍ ആണെന്നും സതീശന്‍ പറഞ്ഞു. 

ഗവര്‍ണറുടെ നടപടികളെ വിഷയാധിഷ്ഠിതമായിട്ടു മാത്രമാണ് പ്രതിപക്ഷം എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്തിട്ടുള്ളത്. മന്ത്രിമാരെ ഇഷ്ടാനുസരണം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞപ്പോള്‍, അതിനെ ഭരണകക്ഷിയേക്കാള്‍ ശക്തിയായി അങ്ങനെ ഒരു അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് പറഞ്ഞത് പ്രതിപക്ഷമാണ്. സിഎഎ വിഷയത്തില്‍ ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ട ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍, ഗവര്‍ണറെ നിയമസഭയില്‍ തടഞ്ഞത് പ്രതിപക്ഷമാണ്. വിസിമാരുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com