കോടതി വിധി താത്കാലികം; സമരം തുടരുമെന്ന് വിഴിഞ്ഞം സമരസമിതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st September 2022 02:40 PM  |  

Last Updated: 01st September 2022 02:40 PM  |   A+A-   |  

vizhijam_strike

ഫാദര്‍ യൂജിന്‍ എ പെരേര

 

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരായ ഹൈക്കോടതി വിധി താത്കാലികമെന്ന്  ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ എ പെരേര. ഹൈക്കോടതി വിധി മാനിക്കുന്നു. സമരവേദി മാറ്റില്ലെന്നും സമരം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ഇപ്പോള്‍ വന്നത് കോടതിയുടെ താല്‍ക്കാലികവിധിയാണ്. മത്സ്യതൊഴിലാളികളുടേത് ജീവിക്കാനായുള്ള അവകാശപോരാട്ടമാണ്. വിളപ്പില്‍ശാല സമരത്തിലും ഇതുപോലെ ഹൈക്കോടതി വിധി നേടിയിരുന്നു. ജനം ഒറ്റക്കെട്ടായി നിന്നപ്പോള്‍ പിന്‍മാറേണ്ടി വന്നു. അന്തിമവിധിയില്‍ മത്സ്യതൊഴിലാളികളുടെ പ്രയാസങ്ങള്‍ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. 

വിഴിഞ്ഞത്ത് മൂന്ന് മാസമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് 31വരെ കരാറുകാര്‍ പണി നിര്‍ത്തിവച്ചത്. മത്സ്യതൊഴിലാളികളാരും പണി തടസപ്പെടുത്തിയിട്ടില്ല. അവര്‍ കോടതിയില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. കോടതി വിധി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസ് സംരക്ഷണം നല്‍കണം

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കേരള പൊലീസിന് സംരക്ഷണം ഒരുക്കാന്‍ സാധിക്കില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്ന് കോടതി നിര്‍ദേശിച്ചു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സമരക്കാര്‍ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിഷേധങ്ങള്‍ സമാധാനപരമായി തുടരാം. നിര്‍മാണം തടസ്സപ്പെടുത്തരുത്. പദ്ധതി പ്രദേശത്തു വരുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തടയരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പദ്ധതിക്കു തടസ്സമുണ്ടാക്കാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

തുറമുഖ നിര്‍മാണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതിന നേരത്തെ നിരീക്ഷിച്ചിരുന്നു. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദാനി പോര്‍ട്ട്സും കരാര്‍ കമ്പനിയും കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണം, പൊലീസിനു പറ്റില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ