സിവിക് ചന്ദ്രന്‍ കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

നേരത്തെ ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ജഡ്ജിയുടെ സ്ഥലംമാറ്റം ശരിവെച്ചിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിവാദ വിധി പ്രസ്താവിച്ച സെഷൻസ് ജഡ്ജിയെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജഡ്ജി കൃഷ്ണകുമാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്ഥലംമാറ്റം മരവിപ്പിച്ചത്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായിരുന്ന കൃഷ്ണകുമാറിനെ, വിവാദ വിധിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൊല്ലം ലേബര്‍ കോടതി ജഡ്ജിയായി സ്ഥലംമാറ്റുകയായിരുന്നു. ഈ സ്ഥലംമാറ്റത്തെ ചോദ്യം ചെയ്ത് കൃഷ്ണകുമാര്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ നടപടി ശരിവെക്കുകയായിരുന്നു. 

ഇതിനെ ചോദ്യം ചെയ്താണ് കൃഷ്ണകുമാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സ്ഥലംമാറ്റത്തില്‍ നീതിപൂര്‍വകമായ നടപടിയല്ല ഉണ്ടായത്. ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്കാണ് തന്നെ മാറ്റിയത്. ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്ക് മാറ്റുമ്പോള്‍ തന്റെ മുന്‍കൂര്‍ അനുമതി തേടിയില്ലെന്നും ജഡ്ജി കൃഷ്ണകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

താന്‍ വിരമിക്കാന്‍ കുറച്ചു കാലം മാത്രമേയുള്ളൂ. ഇക്കാര്യവും പരിഗണിച്ചില്ലെന്നും കൃഷ്ണകുമാര്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ലേബര്‍ കോടതി ജഡ്ജി ഡെപ്യൂട്ടേഷന്‍ പോസ്റ്റല്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൃഷ്ണകുമാറിന്റെ ഹര്‍ജി തള്ളിയത്. 

ലൈംഗിക പീഡനപരാതിയില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതിക്കാരിയുടെ വസ്ത്രധാരണവും അതിക്രമത്തിന് പ്രേരണയായെന്ന് ജഡ്ജി വിധിയില്‍ നിരീക്ഷിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com